Latest NewsIndia

ഭൂമി കുംഭകോണക്കേസിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഡൽഹിയിൽ

ഡൽഹി: മുഡ ഭൂമി കുംഭകോണക്കേസിൽ ആരോപണം നേരിടുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കാണും. ആരോപണം സംബന്ധിച്ച കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്നാണ് സിദ്ധരാമയ്യ ഡൽഹിയിൽ എത്തുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഡ അഴിമതി കേസിൽ ഇതുവരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയും പ്രതികരിച്ചിട്ടില്ല.

സിദ്ധരാമയ്യയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മതി പ്രതികരണമെന്നാണ് തീരുമാനം. ബെംഗളൂരുവിൽ നിയമസഭാ കക്ഷിയോഗം വിളിച്ചുചേർത്ത് മുഴുവൻ കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ ഉറപ്പിച്ചാണ് സിദ്ധരാമയ്യയുടെ ഡൽഹി യാത്ര. മുഡ ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ നിയമസഭാ കക്ഷിയോഗം പാസാക്കിയ പ്രമേയം സിദ്ധരാമയ്യ ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കൈമാറും. ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത്‌ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം.

അതേസമയം ഖനി പാട്ടക്കരാർ അഴിമതി കേസിൽ കേന്ദ്ര മന്ത്രി എച് ഡി കുമാരസ്വാമിയെയും മുൻ ബിജെപി മന്ത്രിമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ ലോകായുക്തയ്ക്ക് ഗവർണർ അനുമതി നൽകണമെന്ന് മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ കൂട്ടി. ഓഗസ്റ്റ് 29 വരെ പൊതു പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഗവർണർ താവർ ചന്ദ്‌ ഗെഹലോട്ട്. യാത്രയിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ കർണാടക സർക്കാർ രാജ് ഭവനിലെത്തിച്ചു.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

പാര്‍വ്വതിക്ക് അവരുടെ സഹോദരന്‍ നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button