മുട്ടം: ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അടിച്ചുവീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. മുട്ടം സ്റ്റേഷനിലെ സി.പി.ഒ. വെങ്ങല്ലൂർ സ്വദേശി സിനാജിനെയാണ് സസ്പെൻഡ് ചെയ്തത്. രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി സിപിഒ സിനാജിനെതിരെ നടപടിയെടുത്തത്. തൊടുപുഴ ബസ്‌സ്റ്റാൻഡിൽ ഔദ്യോഗിക ഡ്യൂട്ടിചെയ്തിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെയാണ് സിനാജ് അടിച്ച് വീഴ്ത്തിയത്.
ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദനമേറ്റത്. ഗോവ ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടിയിലായിരുന്നു യുവതി. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. ഈ സമയം സിവിൽ പൊലീസ് ഓഫീസർ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവർത്തകർ ഉടൻ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു.സംഭവത്തിന് പിന്നാലെ ഇരുചെവിയറിയാതെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനാജിനെ സസ്പെൻഡ് ചെയ്തത്.
ഡ്യൂട്ടിക്കിടെ മർദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊടുപുഴ സി.ഐ.യ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ റിപ്പോർട്ട് കിട്ടിയതിന് ശേഷമാകും തുടർനടപടി. അതിനിടെ മർദനമേറ്റ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകിയിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിലാണ് അച്ചടക്കനടപടിയുണ്ടായത്.
Post Your Comments