Latest NewsKerala

ദുരന്ത നിവാരണത്തിന് മറവിൽ കരിമണൽ ഖനനം: മുഖ്യമന്ത്രിക്കെതിരെ ഷോൺ ജോർജ് ഹൈക്കോടതിയിൽ

കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ദുരന്ത നിവാരണത്തിന്റെ മറവിൽ തോട്ടപ്പള്ളിയിലും തീരദേശത്തും നടത്തുന്നത് അനധികൃത ഖനനമാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഖനനം സംബന്ധിച്ച് സിബിഐ,എൻഐഎ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആറ്റോമിക് മിനറൽസ് കടത്തുകയാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. ഈ മണൽ കടത്തുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ട് എന്ന് ഇന്റരിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിന് ശേഷവും ഇപ്പോഴും മണൽക്കടത്ത് തുടരുകയാണെന്നും ഷോൺ ജോർജിന്റെ ഹർജിയിൽ പറയുന്നു.

കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണ് കാലാകാലങ്ങളിൽ ഈ കൊള്ള നടക്കുന്നത്. ഈ വർഷം പൊഴിമുഖം തുറക്കുന്നതിന് മാത്രം സംസ്ഥാന സർക്കാർ 24 ലക്ഷം രൂപ അനുവദിച്ച് പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും മണൽ നീക്കം ചെയ്യുന്നതിനായി ഇറിഗേഷൻ വകുപ്പ് ടെണ്ടർ വിളിച്ചത്.

പൊഴിമുഖത്തുനിന്ന് മണൽ നീക്കം ചെയ്യുവാൻ അല്ലാതെ മണൽവാരി വിൽക്കുവാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണലിൽ അറ്റോമിക് മിനറൽസ് അടങ്ങിയിട്ടുണ്ടെന്ന് സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാണ്. അതിനാൽ തന്നെ ഇതിനായി പാരിസ്ഥിതിക അനുമതിയോ, കോസ്റ്റൽ സോൺ റെഗുലേഷൻ ആക്റ്റോ പാലിക്കാതെ അനധികൃതമായി ടൺ കണക്കിന് മണലാണ് ഈ മേഖലയിൽ നിന്നും ഓരോ ദിവസവും കടത്തിക്കൊണ്ടു പോകുന്നത്.

അതോടൊപ്പം തന്നെ ആറ്റോമിക് മിനറൽസായ തോറിയം ഉൾപ്പെടെയുള്ള ധാതുക്കൾ അടങ്ങിയ മണൽ കടത്തുന്നത് സംബന്ധിച്ച് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ നിരവധി ഘടകങ്ങൾ സംശയിക്കേണ്ടതായും അതുകൊണ്ടുതന്നെ കഴിഞ്ഞകാലങ്ങളിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണവും അതുപോലെ തന്നെ ആറ്റോമിക് മിനറൽസ് അനധികൃതമായി രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എൻഐഎ ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണവും ഷോൺ ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നു.

അറ്റോമിക് എനർജി ബോർഡിന്റെ മേൽനോട്ടത്തിൽ പ്രത്യേക അനുമതിയോടെ ചെയ്യേണ്ട പ്രവർത്തനങ്ങളാണ് ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള ഒരു ഉത്തരവിന്റെ മറവിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി തുടരുന്നത്. അടിയന്തരമായി ഈ വിഷയത്തിൽ കോടതി ഇടപെടണമെന്നും അനധികൃത ഖനനം നിർത്തിവെപ്പിക്കണമെന്നും ഷോൺ ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button