കെട്ടിക്കിടക്കുന്ന അല്ലെങ്കില്‍ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. തിരുവനന്തപുരത്തു ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ അറിയാം.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
രോഗ ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.
കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവ.
രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.
read also: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച്: നിർദേശവുമായി മുഖ്യമന്ത്രി
അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.
വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ജലസ്രോതസ്സുകളില്‍ കുളിക്കുമ്ബോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കണം.
മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം.
നീന്തല്‍ കുളങ്ങളില്‍ പാലിക്കേണ്ട ശുചിത്വ നിര്‍ദേശങ്ങള്‍
ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂര്‍ണമായും ഒഴുക്കി കളയണം.
സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.
പ്രതലങ്ങള്‍ നന്നായി ഉണങ്ങുവാന്‍ അനുവദിക്കണം.
നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കണം.
പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കണം.
വെള്ളത്തിന്റെ അളവിനനുസരിച്ച് 5 ഗ്രാം ക്ലോറിന്‍/ 1000 ലിറ്റര്‍ വെള്ളത്തിന് ആനുപാതികമായിക്ലോറിനേറ്റ് ചെയ്യണം.
ക്ലോറിന്‍ ലെവല്‍ 0.5 പിപിഎം മുതല്‍ 3 പിപിഎം ആയി നിലനിര്‍ത്തണം.
രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments