തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന രണ്ട് യുവാക്കളുടെ രക്തസാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണങ്ങളോടെ യുവാക്കൾ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്ന ഇരുവരും. നെയ്യാറ്റിൻകര കണ്ണറവിളയിൽ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്നു സംശയിക്കുന്നതിനിടെയാണ് പനിബാധിതരായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാസം 23ന് കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) ആണ് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ കാവിൻ കുളത്തിലാണ് മരിച്ച അഖിൽ കുളിച്ചത്. അഖിലിന് മസ്തിഷ്‌ക ജ്വരമാണെന്നാണ് ആരോഗ്യവകുപ്പ് സംശയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമാന രോഗലക്ഷണങ്ങളുമായി യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയത്.
അഖിലിന്റെ മരണത്തെ തുടർന്ന് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെത്തി കാവിൻകുളത്തിൽ നോട്ടീസ് പതിപ്പിക്കുകയും അതിയന്നൂർ പഞ്ചായത്തിന്റെ സഹായത്തോടെ കുളത്തിൽ നെറ്റ് കെട്ടി അടയ്ക്കുകയും ചെയ്തു. മരിച്ച അഖിൽ കൂലിപ്പണിക്കാരനാണ്.
നേരത്തെ ജോലിക്കിടെ അഖിലിന് തലയ്ക്ക് ക്ഷതമേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. അഖിൽ കുളിച്ചിരുന്ന ഈ കുളത്തിൽ രോഗ ബാധിതർ നേരത്തെയോ, അതിനു ശേഷമോ കുളിച്ചിട്ടുണ്ടാവുമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. രോഗബാധിതരെ വെൺപകൽ സിഎച്ച്സിയിൽ എത്തിച്ച ശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Post Your Comments