കല്‍പ്പറ്റ:കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
Read Also: അര്‍ജുന്‍ രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍, ഷിരൂരില്‍ കനത്ത മഴ: മല്‍പെയ്ക്ക് പൊലീസ് അനുമതി നല്‍കിയില്ല
രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വയനാട്ടിലെത് ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ നടപടിക്രമങ്ങളുണ്ട്. ഇപ്പോള്‍ കരുതലും കരുണയുമാണ് വേണ്ടത്. കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷയുടെ പ്രസ്താവന സബ് മിഷനുള്ള മറുപടി മാത്രമാണെന്നും ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയില്‍ പരിശോധന നടത്തുന്നത്. കൂടുതല്‍ സേന പരിശോധനക്ക് വേണമെങ്കില്‍ കേരളം ആവശ്യപ്പെടട്ടെയെന്നും ദുരന്തത്തില്‍ പെട്ടവരെ മാനസികമായി ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments