ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, പാറക്കൂട്ടം ഒഴുകിയത് 8 കിലോമീറ്ററോളം

ബെംഗളൂരു: വയനാട്ടിലെ ചൂരല്‍മലയലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍നിന്ന് 1,550 മീറ്റര്‍ ഉയരത്തിലാണെന്നാണ് ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ട വിവരത്തില്‍ വ്യക്തമാവുന്നത്. പ്രഭവകേന്ദ്രത്തിന്റെ വ്യാപ്തി ഏതാണ്ട് 86,000 ചതുരശ്രമീറ്ററാണ്. എട്ടുകിലോമീറ്ററോളം ദൂരം പാറക്കൂട്ടം ഒഴുകിയെത്തിയെന്നും ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ട വിവരത്തില്‍ വ്യക്തമാക്കുന്നു.

read also:സ്‌കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ല, ഖാദര്‍ കമ്മിറ്റി നടപ്പിലാക്കില്ല: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ദുരന്തത്തിന് മുമ്പ് 2023 മേയ് 22ന് കാര്‍ടോസാറ്റ് മൂന്ന് പകര്‍ത്തിയ ചിത്രങ്ങളും ഉരുള്‍പൊട്ടലിന് ശേഷം ബുധനാഴ്ച റിസാറ്റും പകര്‍ത്തിയ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. നിലവിലെ പ്രഭവകേന്ദ്രം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണെന്നും പാറക്കൂട്ടവും മണ്ണും ഒഴുകിയെത്തി ഇരുവഴിഞ്ഞിപ്പുഴയുടെ കരകള്‍ കവര്‍ന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കുന്നു. പുഴയുടെ കരയിലെ വീടുകള്‍ക്കടക്കം കേടുപാടുണ്ടായെന്നും പുറത്തുവിട്ട വിവരത്തിലുണ്ട്.

‘ഇസ്രോ’യുടെ കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഹൈദരാബാദ് കഴിഞ്ഞദിവസം പുറത്തുവിട്ട ഉപഗ്രഹങ്ങളുടെ ഇമേജിങ് വഴി തയ്യാറാക്കിയിട്ടുള്ളതാണ് ആഘാതഭൂപടം. 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ആഘാതഭൂപടത്തില്‍നിന്ന് വ്യക്തമാവുന്നത്. 1984 ജൂലായ് ഒന്നിനുണ്ടായ അപകടത്തില്‍ 14 പേരുടെ ജീവന്‍നഷ്ടമായിരുന്നു.

 

 

Share
Leave a Comment