ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ല, പകരം വന്‍ പാറക്കൂട്ടങ്ങള്‍

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരെ കണ്ടെത്താന്‍ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. വലിയ ഉരുളന്‍ പാറകള്‍ മാത്രമാണ് ഇവിടെയുള്ളത്. പുഞ്ചിരിമട്ടത്ത് വീടുകള്‍ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന പ്രദേശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഓട്ടോറിക്ഷ പൂര്‍ണമായും മാറ്റാനും കഴിയുന്നില്ല. പാറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലാണ് ഓട്ടോറിക്ഷ. ഇതിനുള്ളില്‍ മൃതദേഹം ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിലവില്‍ ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കിട്ടിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാകൂ എന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്.

Read Also: ചിന്നയ്യ കേസ് വിധി റദ്ദാക്കി സുപ്രീം കോടതി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗീകരണം അനുവദനീയമെന്ന് കോടതി

പുഞ്ചിരിമട്ടത്തിന് മുകളിലായുള്ള കോളനിയിലും താമസക്കാരുണ്ടായിരുന്നുവെന്ന് നാട്ടുകാരന്‍ പറയുന്നു. ഇവിടേക്കുള്ള യാത്ര ദുഷ്‌കരമായതിനാല്‍ പരിശോധന നടത്താനുമായിട്ടില്ല. ഇന്നലെ തേയിലത്തോട്ടത്തില്‍ അകപ്പെട്ട 17 പേരെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ബെയ്‌ലി പാലത്തിന് സമീപത്തും മൃതദേഹത്തിനായുള്ള തെരച്ചില്‍ നടക്കുകയാണ്. അവിടെ കുഴിച്ചു നോക്കിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇന്ന് മുണ്ടക്കൈ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിയിരുന്നു. അതിനിടെ, കള്ളാടി പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒരു പുരുഷന്റെ മൃതദേഹമാണ് കിട്ടിയത്. ചൂരല്‍മല പാലം ഉണ്ടാക്കുന്നതിന് മീറ്ററുകള്‍ക്ക് താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

 

 

Share
Leave a Comment