
വയനാട്: വയനാട് ദുരന്തത്തിന്റെ വ്യാപ്‌തിയേറും. വൻ ഉരുൾപൊട്ടലിൽ മരണം 56 ആയിട്ടുണ്ട്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി 250ഓളം കുടുംബങ്ങൾ താമസിച്ചിരുന്നതായിട്ടാണ് വിവരം. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. മേപ്പാടി ആശുപത്രിയിൽ 38 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ ഏഴ് മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നു.
‘പുലർച്ചെ രണ്ട് മണിയോടെയാണ് വെള്ളവും മണ്ണും അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയതെന്ന് ചൂരൽമല സ്വദേശി അഷ്‌റഫ് പറയുന്നു. അർദ്ധരാത്രി ഭാര്യ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. മുണ്ടക്കൈയിൽ അപകടമുണ്ടായെന്നും വലിയ ശബ്ദത്തോടെ ഉരുൾപൊട്ടുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ദുരന്തത്തിൽ മുണ്ടക്കൈ പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. രാവിലെ പത്തുമണി നടന്ന രക്ഷാപ്രവർത്തനത്തിൽ തന്നെ 25 പേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. പ്രദേശത്ത് 250ഓളം കുടുംബങ്ങളുണ്ട്.
മുണ്ടക്കൈയിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചതായും വിവരമുണ്ട്. എന്നാൽ അവരെ ഏത് ദുരിതാശ്വാസ ക്യാമ്പിലേയ്ക്കാണ് മാറ്റിയതെന്ന് വിവരമില്ല. ഒരു സ്‌കൂളിലേയ്ക്കാണ് മാറ്റിയതെന്നാണ് അറിഞ്ഞത്. എന്നാൽ ഈ സ്‌കൂളിന്റെ ഒരു ഭാഗം മുഴുവൻ തകർന്ന നിലയിലാണ്. അവർ അതിൽപ്പെട്ടോ എന്നറിയില്ല’- അഷ്‌റഫ് പറഞ്ഞു.വൻ ദുരന്തത്തിൽ മുണ്ടക്കൈ, അട്ടമല, ചൂരൽമല മേഖലകൾ പൂർണമായി തകർന്നടിഞ്ഞ നിലയിലാണ്. ദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ നാവികസേനയും പങ്കാളിയാവുമെന്നാണ് വിവരം. ഏഴിമലയിൽ നിന്ന് നാവികസേന സംഘമെത്തും.
പ്രദേശത്ത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് ദൗത്യസംഘം വ്യക്തമാക്കുന്നു.വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിലൂടെ 11 മൃതദേഹങ്ങൾ ആണ് ഒഴുകിവന്നത്. മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് ചാലിയാർ പുഴയിൽ നിന്ന് കിട്ടിയത്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.
പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം ലഭിച്ചു. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. ഭൂതാനം മച്ചികൈ ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചാലിയാറിന്റെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിൽ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഒരു പുരുഷന്റെ മൃതദേഹം തലയറ്റ നിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയാത്ത നിലയിലാണ് പല മൃതദേഹങ്ങളും. ഗ്യാസ് സിലിണ്ടറടക്കമുള്ള വീട്ടുസാമഗ്രഹികളും പുഴയിലൂടെ ഒഴുകിവരുന്നുണ്ട്.
Post Your Comments