തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരം, പാലക്കാട് ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. കൂടാതെ ഇടിമിന്നല്‍ മുന്നറിയിപ്പുമുണ്ട്. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു.
മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന വീടുകളാണ് തകര്‍ന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകള്‍ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.
വയനാട് കനത്തമഴയില്‍ മേപ്പാടി മുണ്ടക്കൈയില്‍ ജനവാസമില്ലാത്ത മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതോടെ പുത്തുമല കാശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര അണക്കെട്ടില്‍ 15 സെന്റീമീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കും. മഴയെ തുടര്‍ന്ന് ജില്ലയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments