Latest NewsKeralaNews

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് തിരിച്ചടി, റിപ്പോര്‍ട്ട് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സര്‍ക്കാരിന് തിരിച്ചടിയായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോര്‍ട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ ചെയ്തത്.

Read Also: തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടും: ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണം

‘മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. ഇതില്‍ തുടര്‍ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടവര്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരല്ല’,ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിക്കുന്നു.

എന്നാല്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഏറെ വിവാദങ്ങള്‍ക്കും നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ നില്‍ക്കെയാണ് ഹര്‍ജി. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button