ബെംഗളൂരൂ: കർണാടക അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. മഴ വീണ്ടും ശക്തമായതും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലുമാണ് തിരച്ചില്‍ നിർത്തിയത്.
ശനിയാഴ്ച പുലർച്ചെ അഞ്ചര മുതല്‍ തിരച്ചില്‍ പുനഃരാരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ബെംഗളൂരൂവില്‍ നിന്ന് റാഡാർ ഡിവൈസ് എത്തിച്ച് തിരച്ചില്‍ നടത്താനാണ് തീരുമാനം. റഡാർ വഴി ലോറി കൃത്യമായി കണ്ടാത്താൻ കഴിഞ്ഞാല്‍ അതേ ദിശയില്‍ മണ്ണെടുത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.
നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, അഗ്നിശമനസേന സംയുക്തമായി തിരച്ചില്‍ നടത്തും.
കോഴിക്കോട് സ്വദേശിയായ അർജുനെ 16 -ആം തീയതിയാണ് കാണാതായത്. പൻവേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്ത് അർജുൻ ലോറി നിർത്തി വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.
Post Your Comments