കൊച്ചി: ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് പുതിയ ജില്ലയെന്ന ആവശ്യം ശക്തമാകുന്നു. കിഴക്കൻ മലയോര മേഖലകളെ ഉൾപ്പെടുത്തി ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മൂവാറ്റുപുഴ നഗരസഭ പാസാക്കി. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ജില്ല എന്നത്. കിഴക്കൻ മലയോര മേഖലകളെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നതിലൂടെ മൂവാറ്റുപുഴയുടെതടക്കം സമഗ്ര വികസനം ഉറപ്പ് വരുത്താനാകുമെന്ന് നഗരസഭ ചെയർമാൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ജനകീയ ആവശ്യമാണെന്നും ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.
1984ൽ രൂപീകരിച്ച കാസർകോടിന് ശേഷം സംസ്ഥാനത്ത് മറ്റൊരു ജില്ല പിറവിയെടുത്തിട്ടില്ല. ഇനിയൊരു ജില്ല വരുന്നെങ്കിൽ അത് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാകുമെന്ന് 1982ൽ പത്തനംതിട്ട ജില്ല രൂപീകരണ വേളയിൽ പറഞ്ഞിരുന്നു. ഇതിന് വേണ്ടി നിയോഗിച്ച ഡോ. ബാബുപോൾ അദ്ധ്യക്ഷനായ സമിതി വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിന്മേൽ കാര്യമായ തുടർ നടപടിയുണ്ടായില്ല.
ജോസഫ് വാഴക്കൻ മൂവാറ്റുപുഴ എം.എൽ.എ. ആയിരിക്കെ ഈ വിഷയത്തിൽ നിയമസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. എറണാകുളം ജില്ലയിലെ എം.എൽ.എമാർ ഇതിനോട് യോജിക്കുകയും ചെയ്തു.ജില്ല അടിസ്ഥാനത്തിലാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ലഭിക്കുക എന്നതിനാൽ പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് ഉണർവുണ്ടാകും എന്നതാണ് നേട്ടം.
എറണാകുളം ജില്ലയുടെ പ്രവർത്തനങ്ങൾ കൊച്ചിയും സമീപ പ്രദേശങ്ങളും കേന്ദ്രമായിട്ടാണ് നടക്കുന്നത്. എന്നാൽ കിഴക്കൻ മേഖലയിലേക്ക് വേണ്ടത്ര വികസന പ്രവർത്തനങ്ങൾ എത്തുന്നില്ല എന്ന വിമർശനത്തിനും പുതിയ ജില്ല രൂപീകരണത്തിലൂടെ അറുതി വരും. ഈ സാഹചര്യത്തി മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് പ്രമേയത്തിലൂടെ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ആവശ്യപ്പെട്ടു.
Post Your Comments