KeralaLatest News

ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി, ചുരങ്ങളിൽ ഗതാഗതം തടസപ്പെട്ടു: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂരിർ മട്ടന്നൂർ കോളാരിയിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീക്ക് ദാരുണന്ത്യം. കുഞ്ഞാമിനയാണ് (51) മരിച്ചത്. മഴ കനത്തതോടെ ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കനത്ത മഴയിലും കാറ്റിലും കണ്ണൂരിലും കാസർകോഡും വീടുകൾ തകർന്നു. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മരം കടംപുഴകി വീണു.

മൂന്നാർ ഗ്യാപ്പ് റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ. ലോവർ പെരിയാർ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകൾ തകർന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയർ ഫോഴ്‌സും ഹൈ വേ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി. കുറ്റ്യാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുന്നു. ലോവർപെരിയാർ വൈദ്യുതി നിലയത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. പാറക്കല്ലുകൾ വീണ് രണ്ട് ഫീഡറുകൾ തകർന്നു. കല്ലാർകുട്ടി, പാമ്പ്ല അണക്കെട്ടുകൾ തുറന്നു. മണ്ണിടിഞ്ഞും മരം വീണും ഉണ്ടായ ഗതാഗത തടസം പുനഃസ്ഥാപിച്ചു.

പത്തനംതിട്ട ജില്ലയിലും ഇന്നലെ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. പന്തളത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി പോസ്റ്റുകളും മരങ്ങളും വീണു. പമ്പയിൽ ജലനിരപ്പുയർന്നതോടെ അരയാഞ്ഞിലിമൺ കോസ് വേ മുങ്ങി. വയനാട് പുൽപ്പള്ളിയിൽ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന 50 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തില്‍ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് തകര്‍ന്നത്. പുൽപ്പള്ളിയിൽ കാറ്റിലും മഴയിലും വര്‍ക്ക് ഷോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടമുണ്ടായി. പുളിയംമാക്കല്‍ അരുണിന്റെ താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എവിഎ. മോട്ടോര്‍സിന്റെ മുകളിലേക്ക് ആണ് തെങ്ങ് വീണത്.

കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. ഇന്ന് പുലർച്ചെ 5.05 നാണ് ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. ഈ വർഷം ഇത് ആദ്യമായാണ് ക്ഷേത്രം മുങ്ങുന്നത് ആലുവ ശിവക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ശിവഭഗവാൻ സ്വയം ആറാടുന്നതായാണ് ഇത് കണക്കാക്കുന്നത്. മലപ്പുറം വടശ്ശേരിയിൽ റോഡിന് കുറുകെ മരം വീണു. എടവണ്ണ അരീക്കോട് റോഡിലാണ് മരം വീണത് വൈദ്യുതി ലൈനും തകർന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button