Kerala

ഹർഷാദിനെ തട്ടികൊണ്ടുപോയ കേസിൽ 2 പേർ പിടിയിൽ: പ്രതികളുടെ കാർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമയായ മൂഴിക്കൽ സ്വദേശി ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. ഇയാളെ പത്തംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളുടേതെന്ന് കരുതുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ കൊണ്ടുവന്നു യുവാവിനെ വയനാട് വൈത്തിരിയിൽ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.

ഹർഷാദിനെ പാർപ്പിച്ചത് വൈത്തിരിയിൽ തന്നെയാണ്. അതേസമയം, ഹർഷാദിനെ താമരശ്ശേരിയിലെ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ് പൊലീസ്. ഹർഷാദിൻ്റെ മൊഴി വിശദമൊഴി എടുത്തുവരികയാണ്. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിടുകയായിരുന്നു.

ഇന്ന് രാത്രി 8.45 ഓടെ ആണ് ഹർഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചത്. വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹര്‍ഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. മകനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ഹർഷാദിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് അച്ഛൻ അലി പറഞ്ഞു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിളിക്കുന്നത്. വൈത്തിരിയിൽ ഇറക്കിവിട്ടെന്നും പറ‍ഞ്ഞു. അടിവാരത്തിലേക്ക് വണ്ടി കയറാൻ മകനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.

ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്.

ഹ‍‍ര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഹര്‍ഷാദിനെ സംഘം ഉപേക്ഷിച്ചുവെന്ന വിവരവും പുറത്തുവരുന്നത്. സംഭവത്തില്‍ നേരത്തെ യുവാവിന്‍റെ കുടുംബ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഹർഷാദിനെ ഇന്ന് വൈകുന്നേരം വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ഷോപ്പ് ഉടമയാണ് ഹർഷാദ്. സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഹർഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇയാളുടെ കാർ കണ്ടെത്തിയിരുന്നു. കാറിന്‍റെ മുൻ​ഗ്ലാസ് തകർത്ത നിലയിലായിരുന്നു. കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. പൊലീസിന്‍റെ ഭാ​ഗത്ത് നിന്ന് അന്വേഷിക്കുന്നുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. ആരോ വിളിച്ചതിനെ തുടർന്നാണ് ഹർഷാദ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയതെന്ന് ഭാര്യ പറയുന്നു. സാമ്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button