Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

കേരളം കാത്തിരിക്കുന്ന ആ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം: തീരത്തോടടുത്ത് മെസ്കിന്റെ സാൻ ഫെർണാണ്ടോ

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ആ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയുടെ മദർഷിപ്പ് അടുക്കുന്നതിന്റെ ആവേശത്തിലാണ് കേരളജനത. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനസജ്ജമാകുകയാണ്.

മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്ക്. ഇന്ന് രാത്രിയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പൽ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായാണ് ഈ പടുകൂറ്റൻ കപ്പൽ കേരള തീരത്തേക്ക് എത്തുന്നത്. മുഴുവൻ കണ്ടെയ്നറുകളും വിഴിഞ്ഞത്ത് ഇറക്കും.

8,000മുതൽ9,000ടിഇയു വരെ ശേഷിയുള്ളതാണ് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട സാൻ ഫെർണാണ്ടോ കപ്പൽ. 2,000കണ്ടെയ്‌നറുകൾ ട്രയൽ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ, കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോനേവാൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും. ഇതിന് പുറമെ ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തും.

ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ,കണ്ടെയ്‌നർ കപ്പലുകൾ എന്നിവയും വരും. ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ഈ സമയത്ത്,തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്മെന്റ് പൂർണതോതിൽ നടക്കും.

വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെൽ ടൈംസ്,വെസൽ ടേൺറൗണ്ട്,ബെർത്ത് പ്രൊഡക്ടിവിറ്റി,വെഹിക്കിൾ സർവീസ് ടൈം,ഷിപ്പ് ഹാൻഡ്ലിംഗ് പ്രൊഡക്ടിവിറ്റി,ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളിൽ ആഗോള നിലവാരം പുലർത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രവർത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകൾ ഘടിപ്പിച്ച ബാർജുകൾ മതിയാകില്ല. യഥാർത്ഥ കണ്ടെയ്‌നറുകൾ (ചരക്കുകൾ നിറച്ച കണ്ടെയ്‌നർ) വിന്യസിക്കുന്ന ട്രയൽ റൺ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയൽ റൺ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button