KeralaLatest News

പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍

പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ടുഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു.

തിങ്കളാഴ്ചയാണ് കോളേജ് ജംഗ്ഷനില്‍ നിന്നും കഞ്ചാവുമായി ഇയാളെ എക്‌സൈസ് പിടികൂടിയത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണനും മറ്റുള്ളവരും സിപിഎമ്മില്‍ ചേര്‍ന്നത്.

സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ഇവരെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചാണ് ശരിയുടെ പക്ഷത്തു നില്‍ക്കാനായി സിപിഎമ്മിലേക്ക് വന്നതെന്നാണ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.

സിപിഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതിയെ ആരോഗ്യമന്ത്രിയടക്കമുള്ളവർ അഭിവാദ്യം ചെയ്ത് സ്വീകരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് അന്ന് ഇയാൾക്കൊപ്പം തന്നെ പാർട്ടിയിൽ എത്തിയ യദുകൃഷ്ണ ഇപ്പോൾ കഞ്ചാവ് കേസിൽ പിടിയിലായിരിക്കുന്നത്.

യുവാക്കൾക്കൊപ്പമായിരുന്ന യദുകൃഷ്ണയെ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് കേസെടുത്ത് ജാമ്യത്തിൽ വിടുകയായിരുന്നു. പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ടാണ് ഇയാളെ ജാമ്യത്തിൽ വിട്ടതെന്നാണ് വിവരം. കുമ്പഴയിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ് കാപ്പ കേസ് പ്രതി അടക്കം 62 പേർ സിപിഎമ്മിൽ ചേരുന്നത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button