കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലയിലെ പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം പുറത്ത് വന്നത് വിഷയം ഒത്തുതീർക്കാനുള്ള ശ്രമത്തിനിടെയെന്ന് വിലയിരുത്തൽ. പരാതിയിൽ പാര്‍ട്ടി പ്രതിസന്ധിയിലായതോടെ ആരോപണവിധേയനായ യുവനേതാവിനെതിരേ സി.പി.എം. നടപടിക്ക് ഒരുങ്ങുകയാണ്. പാര്‍ട്ടി കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിമാരില്‍ ഒരാളുമായ പ്രമോദ് കോട്ടൂളിയെ സ്ഥാനങ്ങളില്‍നിന്ന് നീക്കും.
ഇക്കാര്യം ചര്‍ച്ചചെയ്യാനായി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് 60 ലക്ഷം രൂപ കോഴയാവശ്യപ്പെട്ടെന്നും ഇതില്‍ 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് പരാതി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി പാര്‍ട്ടി അംഗീകാരം വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാട്. ജില്ലയിലെ മറ്റു ചില നേതാക്കളുമായുള്ള ബന്ധവും ഇതിനായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്.
ഇക്കാര്യം അന്വേഷിക്കണമെന്ന് മുഹമ്മദ് റിയാസുതന്നെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇടപാടിന്റെ കാര്യങ്ങള്‍ സ്ഥിരീകരിച്ചു. പണം തിരിച്ചുകൊടുത്ത് പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമംനടക്കുന്നതിനിടെയാണ് വിവരം പുറത്തായത്.
ഇടപാടിനുപിന്നില്‍ പ്രമോദ് തനിച്ചല്ലെന്ന സംസാരം പാര്‍ട്ടിവൃത്തങ്ങളിലുണ്ടെങ്കിലും മറ്റാരുടെയും പങ്കിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ആരോപണവിധേയനായ പ്രമോദ് കോഴിക്കോട്ടെ രണ്ട് പ്രധാന നേതാക്കളുടെ അടുത്തയാളാണെങ്കിലും ഇവരിലേക്കും അന്വേഷണമെത്തിയില്ല. കൂടുതല്‍പ്പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ഒത്തുതീര്‍പ്പുശ്രമം വിജയത്തിലേക്കെത്താറായപ്പോള്‍ കോഴവാങ്ങിയ വിവരം പുറത്തുവന്നതിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആരോപണവിധേയന്‍ ജില്ലയിലെ രണ്ടുനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുമ്പോഴും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേര് വലിച്ചിഴച്ചതിന്റെ കാരണവും ഇതുതന്നെയാണെന്നാണ് കരുതുന്നത്.
എന്നാല്‍, പി.എസ്.സി. അംഗത്വത്തിന് ആരുംതന്നെ സമീപിച്ചിട്ടില്ലെന്നും ആരില്‍നിന്നും പണംവാങ്ങിയില്ലെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും വിശദീകരിച്ചു. ഇതിനിടെ, പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയെന്നതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ വിവരം മാത്രമാണ് തനിക്കുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.
തുടര്‍ച്ചയായി പ്രശ്‌നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണ്. അതിന്റെ ലക്ഷ്യമെന്താണെന്നു ജനങ്ങള്‍ക്കറിയാം. എല്ലാ അതിരുകളും കടക്കുമ്പോള്‍, ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത ഇത്തരം കാര്യങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment