Latest NewsKeralaNews

15 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനം: കൊന്നുകുഴിച്ചുമൂടിയെന്ന് രഹസ്യവിവരം: മാന്നാറില്‍ പോലീസ് അന്വേഷണം

മാന്നാര്‍ : ഒന്നര പതിറ്റാണ്ട് മുമ്പ് വീട്ടില്‍ നിന്നും കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന് സംശയം. മാന്നാറില്‍ നിന്നും 15 വര്‍ഷം മുമ്പ് കാണാതായ കല എന്ന 20 കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

Read Also: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചു, പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

കേസില്‍ അഞ്ചുപേരാണ് ഉള്ളതെന്നും നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കുന്നവരാണ് പിടിയിലായിരിക്കുന്നത്. രണ്ടു സഹോദരങ്ങള്‍ ഒഴികെ കാര്യമായി ബന്ധുമിത്രാദികള്‍ ഇല്ലാത്ത കലയെ മാന്നാര്‍ സ്വദേശി വിവാഹം കഴിച്ച് ഇവിടേയ്ക്ക് കൊണ്ടുവന്നതായിരുന്നു. ഇവരെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലൂം പോലീസിന്റെ തുടര്‍നടപടി ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടുമാസം മുമ്പാണ് കലയെ കൊലപ്പെടുത്തിയതാണെന്നും വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടിരിക്കുകയാണെന്നുമുള്ള രഹസ്യവിവരം കിട്ടിയത്.

ഇക്കാര്യത്തില്‍ പോലീസ് ജില്ലാമേധാവിയുടെ നേതൃത്വത്തിലെ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. നേരത്തേ യുവതിയെ കാണാതായതില്‍ പോലീസിന് പരാതി കിട്ടുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നെങ്കിലും കാര്യമായ വിവരം ഒന്നും കിട്ടുകയുണ്ടായില്ല. എന്നാല്‍ കലയെ കൊന്നു കുഴിച്ചുമൂടിയെന്ന് രണ്ടുമാസം മുമ്പ് കിട്ടിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. കലയെ വീടിനുള്ളില്‍ തന്നെ കൊന്നു കുഴിച്ചുമൂടിയെന്നാണ് വിവരം കിട്ടിയത്.

അഞ്ചുപേരെ പിടികൂടേണ്ട സാഹചര്യത്തില്‍ അതീവ രഹസ്യമായിട്ടായിരുന്നു പോലീസിന്റെ അന്വേഷണം നടന്നത്. മാന്നാറിലെ വീട്ടിലെത്തി പോലീസ് പരിശോധന ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഏറെ ദുരൂഹത നിറഞ്ഞ കേസുമായി ബന്ധപ്പെട്ട് കലയുടെ വീടും പരിസരവും പോലീസ് പരിശോധന നടത്തി വരികയാണ്. മൃതദേഹവുമായി ബന്ധപ്പെട്ട വിവരം കിട്ടിയാല്‍ അക്കാര്യത്തില്‍ പരിശോധനകളൊക്കെ പൂര്‍ത്തിയാകേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും പോലീസ് കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എടുക്കുക എന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button