കണ്ണൂര്‍: കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയില്‍ ആരും സഹായിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ബന്ധം ഉള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്ന് വ്യക്തമാക്കിയതാണ്. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണെന്നും എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ബിരിയാണിയില്‍ കോഴിക്കാല്‍ കിട്ടിയില്ല, കല്ല്യാണവീട്ടില്‍ പൊരിഞ്ഞ തല്ല്
മനു തോമസിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് എം.വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി യോഗങ്ങളില്‍ മനു തോമസ് ഒന്നര വര്‍ഷമായി പങ്കെടുക്കാറില്ല. പാര്‍ട്ടി അംഗത്വം പുതുക്കിയതുമില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂര്‍വ്വം മനു തോമസിനെ പാര്‍ട്ടി തഴഞ്ഞിട്ടില്ല. മനസ് മടുത്ത് രാഷ്ട്രീയം വിടണമെങ്കില്‍ ഒരാള്‍ കമ്യൂണിസ്റ്റ് അല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെതിരെ നടപടിയെടുത്തത്. ക്വട്ടേഷന്‍,ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്നും അതിപ്പോഴും തുടരുന്നുവെന്നുമാണ് പാര്‍ട്ടി നടപടിക്ക് പിന്നാലെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് മനു തോമസ് വ്യക്തമാക്കിയത്. പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പരാതിപ്പെട്ടപ്പോള്‍ ,തിരുത്താന്‍ തയ്യാറാവാത്തതാണ് രാഷ്ട്രീയം വിടാന്‍ കാരണമെന്നും മനു തോമസ് പറഞ്ഞു.
ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയ സംഘങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞെങ്കിലും എല്ലാം തുടരുന്നുവെന്ന് മനു തോമസ് ആരോപിക്കുന്നു.
Post Your Comments