KeralaLatest News

ബിജെപി മണ്ഡലം കമ്മിറ്റി യോ​ഗം നടക്കുന്ന വീട് വളഞ്ഞു: ആറ് സിപിഎം പ്രവർത്തകർക്കും കണ്ടാലറിയാവുന്ന 100 പേർക്കുമെതിരെ കേസ്

കണ്ണൂർ: ബിജെപി മണ്ഡലം കമ്മിറ്റി യോ​ഗം നടക്കുന്ന വീട് രാത്രിയിൽ വളഞ്ഞ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയെന്ന് പരാതി. കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിലാണ് സംഭവം. കുണിയനിൽ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ മണ്ഡലം കമ്മിറ്റി യോഗത്തിനെത്തിയവരെയാണ് സിപിഎം പ്രവർത്തകർ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തത്. നൂറിലേറെ സിപിഎം പ്രവർത്തകരാണ് സംഘടിച്ചെത്തി ആക്രമണം നടത്തിയതെന്നാണ് ആരോപണം.

വീടുവളഞ്ഞ് ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പൊലീസ് കേസെടുത്തു. ഈ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആയുധങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ആയുധങ്ങൾ കണ്ടെടുത്തതിനു സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേർത്തിട്ടില്ല.

വ്യാഴാഴ്ച രാത്രിയാണ് കുണിയനിൽ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത്. ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച് 8 മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ പൊലീസ് ഇടപെട്ടാണു രക്ഷിച്ചത്. ഇന്നലെ രാവിലെ ബാലന്റെ വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു. 2 ഇരുമ്പ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്. ഇവ സിപിഎമ്മുകാർ വീട്ടുവളപ്പിൽ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു. ബാലന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി ആർഎസ്എസ് പ്രവർത്തകരുടെ ആയുധപരിശീലനം നാട്ടുകാർ കണ്ടിരുന്നതായി സിപിഎം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button