
ദുബായ്: ചരിത്രപരമായ തീരുമാനവുമായി യുഎഇ. ബലാത്സംഗത്തിന് ഇരകളാകുന്നവര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് വിധേയരാകാന്‍ ഭരണകൂടം അനുമതി നല്‍കി. രാജ്യത്ത് സ്ഥിരതാമസം തുടങ്ങി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞവര്‍ക്കാണ് നിയമം ബാധകം. സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാന നിയമ നിര്‍മാണം നടത്തിയത്.
Read Also; കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, ഞായറാഴ്ച റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളില്‍
ബലാത്കാരമായോ, ഇഷ്ടമില്ലാതെയോ, ബന്ധുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ പീഡനം ഏറ്റുവാങ്ങി ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നതാണ് യുഎഇയിലെ പുതിയ നിയമ ഭേദഗതി. ഗര്‍ഭച്ഛിദ്രം നടക്കുമ്പോള്‍ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളര്‍ച്ച മാത്രമേ ഉണ്ടാകാവൂവെന്നും നിയമം അനുശാസിക്കുന്നു. ഗര്‍ഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ സങ്കീര്‍ണതകള്‍ ഇല്ലാതെയുമായിരിക്കണം ഗര്‍ഭച്ഛിദ്രം നടത്തേണ്ടത്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും യുഎഇയില്‍ താമസിച്ചവര്‍ക്ക് മാത്രമേ നിയമം ബാധകമാവുകയുള്ളൂ.
ബലാത്സംഗത്തിനോ ഇത്തരമൊരു ബന്ധത്തിനോ ഇടയായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി ലഭിക്കുക. അമ്മയുടെ ആരോഗ്യത്തിനോ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനോ ഭീഷണിയാകുമെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ യുഎഇയിലെ നിയമം നിലവില്‍ അനുമതി നല്‍കുന്നുണ്ട്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അടിയന്തര ഗര്‍ഭച്ഛിദ്രം നടത്താന്‍ കഴിയുന്ന വിധത്തില്‍ കഴിഞ്ഞ വര്‍ഷാവസാനം നിയമഭേദഗതി വരുത്തിയിരുന്നു. യുഎഇയുടെ ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് മന്ത്രിസഭാ തീരുമാനം പ്രാബല്യത്തില്‍ വരും.
Post Your Comments