കോഴിക്കോട്: ആൽബിൻ സെബാസ്റ്റ്യൻ കോഴിക്കോട് വൻ സെറ്റപ്പിൽ ലഹരി കച്ചവടം നടത്തുമ്പോഴും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത് അർമേനിയയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്നായിരുന്നു. കഴിഞ്ഞ ദിവസം പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ആൽബിൻ സെബാസ്റ്റ്യനെ പൊലീസ് പിടികൂടുന്നത് വരെയും സ്വന്തം വീട്ടുകാർ പോലും ഇയാൾ നാട്ടിലുണ്ടെന്ന വിവരം അറിഞ്ഞിരുന്നില്ല. ഒരു വർഷം മുമ്പ് ജോലിക്കായി അർമേനിയയിലേക്ക് പോയ ആൽബിൻ സെബാസ്റ്റ്യൻ എട്ടുമാസം മുമ്പ് കേരളത്തിൽ തിരിച്ചെത്തി കോഴിക്കോട് കേന്ദ്രമാക്കി വൻ സെറ്റപ്പിൽ ലഹരി വ്യാപാരം നടത്തുകയായിരുന്നു.
മെയ് 19 ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട്ടിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധയിൽ രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്ക് മരുന്നുകൾ പിടി കൂടിയതോടെയാണ് ആൽബിൻ സെബാസ്റ്റ്യന് കുരുക്ക് മുറുകിയത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. 779 ഗ്രാം എം.ഡി എം എ യും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും ഇവർ താമസിച്ച വീട്ടിൽ നിന്നും പിടിച്ചെടുത്തു.
രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പലിവാളിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഊർജിത അന്വേഷണം നടത്തിയതിൽ ആദ്യ പ്രതി ഷൈൻ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവിൽ നിന്നും പിടികൂടിയിരുന്നു. പിന്നാലെയാണ് കുമളിയിൽ നിന്ന് ആൽബിൻ സെബാസ്റ്റ്യനെയും പൊലീസ് പിടികൂടിയത്.
ആൽബിൻ സെബാസ്റ്റ്യനും ഷൈൻ ഷാജിയും കോഴിക്കോട് ഹോട്ടൽ മാനേജ്മെന്റ് പഠിക്കുമ്പോൾ സുഹൃത്തുക്കളായതാണ്. ഒരുവർഷം മുമ്പ് ജോലി ആവശ്യത്തിന് രണ്ട് പേരും അർമേനിയയിൽ പോയിരുന്നു. 4 മാസം അവിടെ നിന്ന ശേഷം വീട്ടുകാർ അറിയാതെ കോഴിക്കോട്ടേക്ക് തിരിച്ചു വന്ന് പുതിയങ്ങാടി ഭാഗത്ത് വാടക വീട് എടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തുകയായിരുന്നു.
കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ് ഇവർ. പൊലീസ് റെയ്ഡ് നടത്തുമ്പോൾ ഓടി രക്ഷപ്പെട്ട ഇവർ രണ്ട് പേരും പൊലീസ് പിടികൂടാതിരിക്കാൻ ഗോവ, ഡൽഹി, ഹിമാചൽപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
ഒരു വർഷം മുമ്പ് വീട്ടുകാരും കുടുംബക്കാരും ചേർന്ന് എയർപോട്ടിൽ നിന്നും അർമേനിയയിലേക്ക് യാത്രയാക്കിയ ആൽബിൻ നാട്ടിൽ എത്തിയ വിവരം വീട്ടുകാർ അറിഞ്ഞില്ല. മകൻ അവിടെ ജോലി ചെയ്ത് നല്ല നിലയിൽ കഴിയുകയാണെന്നാണ് അവർ കരുതിയത്. മയക്കുമരുന്ന് കേസിൽ പൊലീസ് തിരഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മകൻ അർമേനിയയിൽ അല്ല കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തുകയാണെന്ന കാര്യം വീട്ടുകാർ പോലും അറിഞ്ഞത്.
Post Your Comments