പറവൂര്‍: പന്തീരങ്കാവ് കേസിലെ പരാതിക്കാരിയായ യുവതി ഡല്‍ഹിയിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയെ തിരികെയെത്തിക്കാന്‍ പോലീസ് ശ്രമമാരംഭിച്ചു.
യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് വടക്കേക്കര പോലീസില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് യുവതി നിലവില്‍ ഡല്‍ഹിയിലുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്.
ഈ സംശയം ബന്ധുക്കളും പോലീസിനോടു പറഞ്ഞിരുന്നു. യുവതി ബന്ധുവിനയച്ച വാട്‌സാപ് സന്ദേശം പിന്തുടര്‍ന്നാണു പോലീസ് മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. യുവതിയെ കണ്ടെത്തി തിരികെക്കൊണ്ടുവരാനുള്ള നടപടികള്‍ അന്വേഷണസംഘം കൈക്കൊണ്ടുവരികയാണ്. ഇതിനായി സംഘാംഗങ്ങള്‍ വൈകാതെ ഡല്‍ഹിക്ക് തിരിക്കും.
ഇതിനിടയില്‍ യുവതി യൂട്യൂബ് ചാനലിലൂടെ തുടര്‍ച്ചയായി ഭര്‍ത്താവ് രാഹുലിന് അനുകൂലിച്ചും. സ്വന്തം വീട്ടുകാര്‍ക്ക് എതിരായും വീഡിയോ സന്ദേശങ്ങള്‍ പുറത്തുവിടുന്നുണ്ട്. താന്‍ പറയുന്ന കാര്യങ്ങള്‍ നൂറു ശതമാനം സത്യമാണെന്നും ഇതു തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയ്യാറാണെന്നും യുവതി പറയുന്നു.
തന്നെ ആരും തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതാണെന്നും യുവതി ആവര്‍ത്തിച്ചു. നുണപരിശോധനയ്ക്കു തന്റെ മാതാപിതാക്കള്‍ തയാറാണോ എന്നും യുവതി ചോദിക്കുന്നുണ്ട്. വീട്ടില്‍ നിന്നാല്‍ സത്യം തുറന്നു പറഞ്ഞു വീഡിയോ ഇടാന്‍ പറ്റില്ലെന്നും അതു കൊണ്ടാണു മാറിനില്‍ക്കുന്നതെന്നുമാണ് യുവതിയുടെ വിശദീകരണം.
തന്നെ രാഹുല്‍ ചാര്‍ജര്‍ കേബിള്‍ വച്ച് കഴുത്തു ഞെരിച്ചുവെന്നു പറഞ്ഞതു കള്ളമാണ്. കഴുത്തിലുള്ളതു ജന്മനാ ഉള്ള പാടാണ്. കൈയില്‍ ഉണ്ടായിരുന്ന പരുക്കു റിസപ്ഷന്‍ പാര്‍ട്ടിക്കു ഡാന്‍സ് കളിച്ചപ്പോള്‍ ഉണ്ടായതാണെന്നും ഇതാണു മര്‍ദിച്ചതായി കാണിച്ചതെന്നും അന്നു തനിക്കു പക്വമായ നില പാടെടുക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
Leave a Comment