KeralaNattuvarthaDevotional

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

'നിങ്ങളുടെ ചെട്ടികുളങ്ങരയമ്മയ്ക്ക് ശക്തിയുണ്ടെങ്കിൽ ഇവിടെ വരട്ടെ, ഞാൻ ഈ കണ്ഡം ( വയൽ ) മുഴുവൻ അമ്മയ്ക്ക് കൊടുക്കും.' എന്ന് പറഞ്ഞു.

മാവേലിക്കര: ജീവത എഴുന്നള്ളത്തിൻറെ ചരിത്രവും ഐതിഹ്യവും.

ഓണാട്ടുകരയുടെ ദേവിദേവ ചെെതന്യമുള്ള ക്ഷേത്ര
പെെതൃകമാണ് ജീവതകള്‍.മധ്യതിരുവിതാംകൂറിലെ ഒാണാട്ടുകരപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ജീവതകളി’ പ്രസിദ്ധമാണ്. ഉത്സവ കാലത്തു ദേവീ ദേവ ചൈതന്യത്തെ ജീവതയ്ക്കുള്ളിലെ വിഗഹത്തിലേക്ക്  ആവാഹിച്ചു  ക്ഷേത്രം നിലനിൽക്കുന്ന കരയിലെ ഓരോ വീടുകളിലും നേരിട്ട് ദേവന്മാർ എത്തുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

ജീവതയ്ക്കുള്ളിൽ ദേവന്റെയോ ദേവിയുടെയോ ഒരു ചെറിയ വിഗ്രഹം ഉണ്ടാവും. നേരിൽ വീട്ടിലെത്തി അനുഗ്രഹം നൽകുന്നു എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. വീട്ടുകാർ നെല്ലും അവലും മറ്റും വഴിപാടായി പറയിൽ അളന്നു നൽകുകയും ചെയ്യും. ഇതിനു പറയെടുപ്പ് എന്നാണ് പറയുന്നത്. ദേവനോ ദേവിയോ ആരായാലും  ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും എത്തി പറ സ്വീകരിച്ചു മടങ്ങാറുണ്ട്. അപൂർവ്വം ചില മറ്റു മതസ്ഥരുടെ നേർച്ചപ്രകാരം നൽകുന്ന പറയും അവരുടെ വീടുകളിൽ പോയി സ്വീകരിക്കാറുമുണ്ട്.

പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവി ജീവതയെപ്പറ്റി നടന്ന ഒരു സംഭവ കഥ വളരെ പ്രശസ്തമാണ്. പതിവുപോലെ ഒരു ഉത്സവ കാലത്തു പറയെടുപ്പിനായി അങ്ങ് ദൂരെ പോകുന്ന ജീവത കണ്ട് വയലിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികളെല്ലാം പണി നിർത്തി തലയിൽ കെട്ടഴിച്ചു ബഹുമാനത്തോടെ തൊഴുതു നിന്നു. ഇത് കണ്ട ക്രിസ്തീയ മത വിശ്വാസിയായ വയലിന്റെ ഉടമ തൊഴിലാളികളെ കളിയാക്കി. “നിങ്ങളുടെ ചെട്ടികുളങ്ങരയമ്മയ്ക്ക് ശക്തിയുണ്ടെങ്കിൽ ഇവിടെ വരട്ടെ, ഞാൻ ഈ കണ്ഡം ( വയൽ ) മുഴുവൻ അമ്മയ്ക്ക് കൊടുക്കും.” എന്ന് പറഞ്ഞു. എല്ലാവരെയും അമ്പരപ്പിച്ചു വളരെ ദൂരെ നിന്നും ജീവത തുള്ളി ഓടി വയലിൽ വന്നു നൃത്തം ചവിട്ടി. വയലിന്റെ ഉടമ കരഞ്ഞു കൊണ്ട് മാപ്പപേക്ഷിക്കുകയും വയൽ ചെട്ടികുളങ്ങര അമ്പലത്തിനു എഴുതി കൊടുത്തെന്നുമാണ് കഥ. ആ വയലിൽ ആണ് ഇന്ന് കെട്ടുകാഴ്ചകൾ നിരത്തി വെക്കുന്നത്.

ഓണാട്ടുകരയിലെ മിക്ക ദേവതകൾക്കും ജീവതകളും പറയെടുപ്പ് മഹോത്സവവും ഉണ്ട്.പറയെടുപ്പിനുള്ള ജീവതകളുടെ ചിട്ടകൾ ഇവയാണ്,
1.രാമപുരംചിട്ട
2, കാരാഴ്മ ചിട്ട
3.ചെട്ടികുളങ്ങര ചിട്ട എന്നിവയാണ് പൊതുവേ അറിയപ്പെടുന്നത്.

രാജഭരണകാലത്ത് പണികഴിപ്പിച്ചതായി പറയപ്പെടുന്ന രാമപുരത്തെ ജിവതയ്ക്ക് 18 1/2 പറനെല്ലിന്റെ ഭാരം കണക്കാക്കുന്നു. ചെട്ടികുളങ്ങര ദേവി ജീവത ഇവയിൽ നിന്നും വ്യത്യസ്ഥമാണ്. ഞൊറിഞ്ഞു വെക്കുന്ന പുടവയിൽ ചുവന്ന കരകൾ അണ് പ്രധാന വ്യത്യാസം. ചെട്ടികുളങ്ങര ജീവത വീടുകളിലെ പറ എടുത്തതിനു ശേഷം ചുവടു വെച്ച് കളിക്കാറില്ല.

ചെന്നിത്തല കാരാഴ്മ ക്ഷേത്രത്തിന്റെ വിളക്ക് അൻപൊലിയും,കുട തുള്ളിക്കലും, ചെണ്ട മേളവും മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും,മറ്റു ക്ഷേത്രങ്ങൾ അപേക്ഷിച്ചു പ്രാചീനകാലം മുതൽ ചിട്ടപ്പടി ചെയ്തു വരുന്നതും ആണ്.ഓണാട്ടുകരയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ പറയ്ക്ക് എഴുന്നള്ളിക്കൽ ഇങ്ങനെ വളരെയേറെ വിശേഷപ്പെട്ടതാണ്. ഓണാട്ടുകരയും ഇന്ന് പ്രശസ്തിയുടെ നിറവിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button