ഒട്ടാവ: ലോകമാകെ കുപ്രസിദ്ധി നേടിയ കൊടുംക്രിമിനൽ റോബർട്ട് പിക്ടണ്‍ (74) ജയിലിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പിക്ടണെ മറ്റൊരു തടവുകാരൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മേയ് 19-നാണ് റോബർട്ട് പിക്ടണ്‍ ജയിലില്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സഹതടവുകാരനായ 51-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
read also: അടുക്കളയില്‍ ചാരായ നിര്‍മാണം: ചാലക്കുടിയില്‍ യുവാവ് അറസ്റ്റില്‍
പന്നി ഫാം നടത്തിയിരുന്ന പിക്ടണ്‍ 90-കളുടെ അവസാനം മുതല്‍ നിരവധി സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. കാനഡയിലെ വാൻക്യുവറിലുള്ള ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്ന് ഉപയോഗിച്ച് തെരുവുകളില്‍ കഴിയുന്ന സ്ത്രീകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് ഇവരെ കൊലപ്പെടുത്തിയശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് തീറ്റയായി നല്‍കുന്നതായിരുന്നു ഇയാളുടെ രീതി.
വാൻക്യുവറിലെ വിവിധയിടങ്ങളില്‍നിന്ന് ഡസൻകണക്കിന് സ്ത്രീകള്‍ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിക്ടണിന്റെ കൊടുംക്രൂരത പുറംലോകമറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പന്നിഫാമില്‍നിന്ന് 33-ഓളം സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 2007-ല്‍ പ്രതിയെ 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു. 26 സ്ത്രീകളെ കൊലപ്പെടുത്തിയതിനാണ് പ്രതിക്കെതിരേ കുറ്റംചുമത്തിയിരുന്നത്. എന്നാൽ, താൻ 49 സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇവരുടെ മൃതദേഹം പന്നികള്‍ക്ക് നല്‍കിയതായി ഇയാൾ വെളിപ്പെടുത്തി.
Post Your Comments