KeralaLatest NewsIndia

എയർഹോസ്റ്റസുമാരെ സ്വർണം കടത്താൻ നിയോ​ഗിക്കുന്നത് തില്ലങ്കേരി സ്വദേശി സുഹൈൽ: സുരഭി ഇതുവരെ കടത്തിയത് 20 കിലോ സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന. ഇതുവരെ സുരഭി 20 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കഴിഞ്ഞ ​ദിവസം അറസ്റ്റിലായ തില്ലങ്കേരി സ്വദേശി സുഹൈലാണ് സ്വർണക്കടത്തിലെ മുഖ്യ കണ്ണി. ഇയാളാണ് എയർഹോസ്റ്റസുമാരെ സ്വർണം കടത്താനായി നിയോ​ഗിക്കുന്നത്. അന്വേഷണം ഊർജ്ജിതമാണെന്നും കൂടുതൽ അറസ്റ്റുകളുണ്ടാകും എന്നുമാണ് ഡിആർഐ വ്യക്തമാക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവായി ജോലി ചെയ്യുകയായിരുന്നു സുഹൈൽ. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈൽ. അതേസമയം, സുരഭി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിൽ ഇയാൾ ഉണ്ടായിരുന്നില്ല. 28-ാം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കൊൽക്കത്ത സ്വദേശിയായ സുരഭിയെ സ്വർണവുമായി പിടികൂടിയത്.

മസ്‌ക്കറ്റിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് 26കാരിയായ സുരഭി. മലദ്വാരത്തിൽ 960 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ സുരഭിയെ 14 ദിവസത്തെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.

സുരഭിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഈ രീതിയിൽ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡിആർഐ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവർഷം മാർച്ചിലും സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വർണവുമായി കൊച്ചി വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. ബഹ്റിൻ-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.

shortlink

Related Articles

Post Your Comments

Related Articles


Back to top button