KeralaLatest News

കല്ലടയാറ്റിൽ തുണി അലക്കുന്നതിനിടെ വീണ് 10 കി.മീറ്ററോളം ഒഴുകി: ശ്യാമളയമ്മക്ക് ഇത് പുനർജന്മം, രക്ഷയായത് വള്ളിപ്പടർപ്പ്

കൊല്ലം: കല്ലടയാറ്റിൽ കാൽവഴുതി വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്. നീന്തൽ വശമില്ലാത്ത ശ്യാമളയമ്മ വെള്ളത്തിൽ മലർന്നു കിടന്ന നിലയിൽ ഒഴുകി പോകുകയായിരുന്നു.

പത്തു കിലോമീറ്ററോളം കല്ലടയാറ്റിലൂടെ ഒഴുകിയ ഇവർ വള്ളിപ്പടർപ്പിൽ കുരുങ്ങിയതോടെ നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ശ്യാമളയമ്മയെ കണ്ടെത്തിയത്.ഇന്നലെ വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പിന്നീടു പറഞ്ഞത്.

ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല.

ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസിൽ അറിയിച്ചതും. നാട്ടുകാർ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button