തിരുവനന്തപുരം: മദ്യനയത്തെ സംബന്ധിച്ച് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന സർക്കാരിന്റെ വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന് വിളിച്ച യോഗത്തിൻറെ വിവരങ്ങൾ പുറത്ത് വന്നു. സൂം വഴിയാണ് യോഗം ചേർന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ബാറുടമകളും യോഗത്തിൽ പങ്കെടുത്തു. ഡ്രൈ ഡേ മാറ്റുന്നതടക്കം യോഗത്തിൽ ചർച്ചയായിരുന്നു എന്ന് യോഗത്തിൽ പങ്കെടുത്ത ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാറും പറയുന്നു.
അതേസമയം, ബാർ കോഴ വിവാദത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച്. വിശദീകരണവുമായി ബാറുടമ അനിമോൻ ഇന്നലെ രംഗത്തുവന്നെങ്കിലും ഗൂഢാലോചനയെന്ന സർക്കാർ വാദം മുഖവിലയ്ക്കെടുക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബ്ദസന്ദേശം ചോർന്നതിന് പിന്നിൽ മറ്റാരെങ്കിമുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്. ഇന്നലെ രാത്രി അനിമോൻ മലക്കം മറിഞ്ഞെങ്കിലും വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതിനാവും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പ്രാധാന്യം നൽകുക.
ഡ്രൈ ഡേ എടുത്തുകളയുന്നതടക്കമുള്ള മാറ്റങ്ങൾക്ക് പണം നൽകണമെന്നായിരുന്നു മുൻപ് അനിമോൻ ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ രാത്രിയിട്ട വാട്സ്ആപ്പ് സന്ദേശത്തിൽ, ഈ പണം കെട്ടിടം വാങ്ങാൻ വേണ്ടിയുള്ളതാണെന്നായിരുന്നു അനിമോന്റെ വാദം. അങ്ങനെയെങ്കിൽ ഏത് സാഹചര്യത്തിലാണ് അനിമോൻ ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടത്? ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടോ?
ഗൂഢാലോചനയുണ്ടെങ്കിൽ അതിനു പിന്നിൽ ആരൊക്കെയാണ്? ശബ്ദസന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുവിട്ടത് ആരാണ്? ആർക്കൊക്കെയാണ് അത് അയച്ചു നൽകിയത്? ഗ്രൂപ്പിലുള്ള ആരെങ്കിലുമാണോ, അതോ പുറത്തുള്ള മറ്റാരെങ്കിലുമാണോ ഇത് മാധ്യമങ്ങൾക്ക് നൽകിയത്? ഇക്കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിനായി സൈബർ സംഘത്തിന്റെ സഹായവും തേടും.
ഉടൻതന്നെ അനിമോൻ, പണം നൽകിയെന്ന ആരോപണം നേരിട്ട ഇടുക്കി അണക്കരയിലെ ബാറുടമ, ബാറുടമകളുടെ സംഘടനാ പ്രസിഡന്റ് വി സുനിൽ കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ജൂൺ പത്തിന് നിയമസഭാ സമ്മേളനം ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനുമുൻപേ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിർദേശം. നിയമസഭയിൽ വരുന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് അന്വേഷണ റിപ്പോർട്ട് വെച്ച് മറുപടി പറയാനാണ് സർക്കാർ ആലോചിക്കുന്നത്.
Post Your Comments