ബെംഗളൂരു: തെലുങ്ക് നടി ഹേമ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റേവ് പാർട്ടിയിൽ താരത്തിനും മറ്റുള്ളവർക്കും കുരുക്കായി മൂത്രപരിശോധനാ ഫലം. ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ മൂത്രസാംപിളുകളുടെ പരിശോധനയിൽ 86 പേർ ലഹരി ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തി. പരിശോധനയിൽ 59 പുരുഷൻമാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകളുടെ പരിശോധനാഫലം പോസിറ്റീവായെന്നാണ് റിപ്പോർട്ട്.
മേയ് 20നാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ റേവ് പാർട്ടി സംഘടിപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് കമ്പനി കോൺകാർഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്.
ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ച ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിൽ 17എം.ഡി.എം.എ ഗുളികകളും കൊക്കെയ്നും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ മറവിലാണ് പാർട്ടി നടത്തിയതെന്നും പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും ബംഗളുരുവിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ പങ്കെടുത്തത്.
തെലുങ്ക് താരങ്ങളെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഉൾപ്പെടെ 101 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഫാംഹൗസ് ഉടമയും പാർട്ടി സംഘാടകനും 3 ലഹരി ഇടപാടുകാരും ഉൾപ്പെടെ 5 പേരാണ് അറസ്റ്റിലായത്.
Post Your Comments