Latest NewsKeralaSaudi ArabiaIndiaInternational

അബ്ദുൽ റഹീമിന്റെ മോചനം: ദിയാധനമായ 34 കോടി രൂപ റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനമായ ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി. വ്യാഴാഴ്ച (മെയ് 23) ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്.

എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം എംബസിയിലെത്തിച്ചു.

കോടതിയുടെ പേരിൽ ദിയാധന തുകക്ക് തുല്യമായ സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് ഉടൻ ഇന്ത്യൻ എംബസി കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകും.

അതേസമയം തന്നെ റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ പരിശോധിച്ചതിന് ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു തുടർനീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button