Latest NewsKeralaIndia

വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം വരെ ഭൂഗർഭ തീവണ്ടിപ്പാത: പദ്ധതിരേഖയ്ക്ക് അംഗീകാരമായി 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ തന്നെ മാറും. വിഴിഞ്ഞം തുറമുഖത്ത് നിന്നും ബാലരാമപുരം വരെ ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നു. ചരക്കുനീക്കം സു​ഗമമായി നടത്താനാണ് ഭൂഗർഭ റയിൽപാത നിർമ്മിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ബാലരാമപുരം റെയിൽവെ സ്റ്റേഷനും നവീകരിക്കും. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ ഡി.പി.ആറിന് അം​ഗീകാരമായി.

ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതിയാണ് വിഴിഞ്ഞം – ബാലരാമപുരം ഭൂഗർഭ റെയിൽപാതയുടെ പദ്ധതിരേഖയ്ക്ക് അം​ഗീകാരം നൽകിയിരിക്കുന്നത്. 10.76 കിലോമീറ്റർ ദൂരം വരുന്ന റെയിൽപാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

പദ്ധതിയുടെ ഭാ​ഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷനെ സിഗ്‌നൽ സ്റ്റേഷനാക്കി ഉയർത്തുകയും കണ്ടെയ്‌നർ യാർഡ് നിർമിക്കുകയും ചെയ്യും. നിർദിഷ്ട ഔട്ടർ റിങ് റോഡ് ബാലരാമപുരം മടവൂർപ്പാറയിൽവെച്ച് റെയിൽ റോഡുമായി ചേരും. തുറമുഖം പ്രവർത്തനസജ്ജമാകുന്ന സമയത്ത് കണ്ടെയ്‌നറുകൾക്ക് ദേശീയപാതയിൽ സഞ്ചാരസൗകര്യമൊരുക്കും.

തുറമുഖ റോഡ് ദേശീയപാതയിൽ വന്നുചേരുന്നയിടത്ത് മീഡിയൻ മുറിച്ചാകും ഗതാഗതസൗകര്യമുണ്ടാക്കുക. ഇതിനായുള്ള നിർദേശം പദ്ധതിനിർവഹണ സമിതി ദേശീയപാത അതോറിറ്റിക്ക് നൽകി. തത്കാലം ഈ നിർദേശം ദേശീയപാത അതോറിറ്റി അംഗീകരിക്കുമെന്നാണ് സൂചന.

കന്യാകുമാരിവരെ ദേശീയപാത സജ്ജമാകുന്നവേളയിൽ വിഴിഞ്ഞത്ത് ക്ലോവർ ലീഫ് ഇന്റർസെക്ഷൻ നിർമിക്കും. തുറമുഖത്തുനിന്നു ദേശീയപാതയിലേക്കു കയറുന്ന റോഡ് വീതികൂട്ടും. ദേശീയപാതയുടെ സർവീസ് റോഡ് ഉപയോഗിച്ചാകും ആദ്യഘട്ടത്തിൽ ചരക്കുനീക്കം.റെയിൽ, റോഡ് കണക്ടിവിറ്റിക്കായ്‌ പരമാവധി കേന്ദ്രഫണ്ട് ലഭ്യമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സാഗർമാലപോലുള്ള പദ്ധതികളിൽനിന്നുള്ള കേന്ദ്രഫണ്ട് ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button