മലപ്പുറം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചു കൊടുക്കുന്ന മുഖ്യ സൂത്രധാരൻ പൊലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കർണാടകയിലെ മടിക്കേരിയിൽ വെച്ച് മലപ്പുറം സൈബർ ക്രൈം പൊലീസാണ് പ്രതിയായ അബ്ദുൾ റോഷനെ പിടികൂടിയത്. വേങ്ങര സ്വദേശിയുടെ 1,08,00,000 തട്ടിയെടുത്ത സംഘത്തെ സഹായിച്ചയാളാണ് അബ്ദുൾ റോഷൻ.
ഇയാൾ മടിക്കേരിയിൽ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു.വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയം കണ്ട ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ കയറി ലഭിച്ച നമ്പർ വഴി വാട്സാപ്പിൽ ബന്ധപ്പെട്ടു. തുടർന്ന് ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചറിൽ പ്രത്യക്ഷപ്പെട്ട വാട്സാപ്പ് അക്കൗണ്ട് പറഞ്ഞ രീതിയിൽ തന്റെ കയ്യിലുള്ള 1,08,00,000, വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ചു. ഇതിനായി വമ്പൻ ഓഫറുകളാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ലാഭവിഹിതം നൽകാതെ കബളിപ്പിച്ചുവെന്നതാണ് കേസ്. വേങ്ങര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിന്നീട് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ ഐപിഎസ്സിന്റെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിന് പ്രത്യേക സൈബർ ക്രൈം സ്ക്വാഡിനെ നിയോഗിച്ച് അന്വേഷണം വേഗത്തിലാക്കി. തുടർന്ന് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്.
സൂചനയുടെ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയതിൽ, കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണ്ണാടക പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുത്തു.വിവിധ മൊബൈൽ കമ്പനികളുടെ 40,000 ഓളം സിം കാർഡുകളും 180ൽപരം മൊബൈൽ ഫോണുകളും ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.
പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡിന്റെ ഉടമയായ യുവതിക്ക് തന്റെ പേരിൽ ഇത്തരത്തിലൊരു ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം അറിയില്ല. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാർഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ ആക്ടീവാക്കിയ 40,000 ൽ പരം സിംകാർഡുകൾ പ്രതി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം.
ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയിൽ ഷോപ്പിൽ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് ഇയാൾ വ്യാജ സിംകാർഡുകൾ തയ്യാറാക്കിയത്. അത്തരത്തിൽ ആക്ടീവ് ആകുന്ന സിം കാർഡുകൾ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡിന് 50 രുപ കൊടുത്തു വാങ്ങും. ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ പിഒഎസ് ആപ്ളിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കുകയാണ് രീതി.
കൂടാതെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും കൊറിയർ മുഖാന്തിരവും പ്രതി സിംകാർഡ് കരസ്ഥമാക്കി. സിം കാർഡുകൾ കൈക്കലാക്കിയ ശേഷം പ്രതി തട്ടിപ്പുകാർക് ആവശ്യാനുസരണം സിം കാർഡ് വിതരണം ചെയ്തു. ഒന്നിന് 50 രൂപ നിരക്കിലാണ് സിം വിറ്റത്.കൂടാതെ വാട്സആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഫ്ലിപ്കാർട്ട്, ഐആർടിസി, ആമസോൺ എന്നീ വാണിജ്യ പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകൾ തുറക്കുന്നതിന് ഒടിപികൾ തട്ടിപ്പുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നതാണ് പ്രതി അവലംബിക്കുന്ന രീതി.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കാൻ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.
Leave a Comment