Latest NewsKerala

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ: കള്ളനോട്ടും പ്രിന്ററും ലാപ്ടോപ്പും കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ നിന്നും കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി കൂടി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനിയും ഡ്രൈവിംഗ് സ്‌കൂൾ അധ്യാപികയുമായ പി.പി.ശോഭ (45)യാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ നിന്നും 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും പൊലീസ് കണ്ടെത്തി. ടൗൺ‌ പോലീസ് ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലർച്ചെയാണ് യുവതിയെ പിടികൂടിയത്. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിൽ പയ്യന്നൂർ സ്വദേശി ഷിജുവിനെ(36) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. യുവതിയാണ് കള്ളനോട്ട് നൽകിയതെന്ന് പോലീസ് പറയുന്നു; ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ചശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെത്തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബിൽത്തുകയിൽ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബിൽ ഫോൾഡറിൽവെച്ച് കടന്നുകളയുകയായിരുന്നു.

ബാർ ജീവനക്കാരൻ മനു കുര്യൻ മാത്യുവിന്‍റെ പരാതിയിൽ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം പോലീസ് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള മറ്റൊരു ബാറിന് സമീപത്തുനിന്നാണ് ഷിജു പിടിയിലായത്. 500 രൂപയുടെ അഞ്ച്‌ കള്ളനോട്ടുകളും കണ്ടെത്തി. മെക്കാനിക്കായ തനിക്ക് വർക്ക്‌ഷോപ്പിൽനിന്ന്‌ കിട്ടിയ കൂലിയാണെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്.

ശോഭ കഴിഞ്ഞദിവസം പാടിയോട്ടുചാലിലെ പെട്രോൾ പന്പിൽനിന്ന് വാഹനത്തിൽ ഇന്ധനം നിറച്ചശേഷം 500 രൂപ നൽകിയിരുന്നു. പമ്പ് ജീവനക്കാരന് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചു. ചീമേനി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കണ്ണൂരിൽനിന്ന് പിടിച്ച കള്ളനോട്ടുമായി ബന്ധമുണ്ടെന്ന് ബോധ്യമായി.

ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്ടോപ്പും കസ്റ്റഡിലെടുത്തു. ഇവർ കാസർകോട് ജില്ലയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്നതായും വിവരം ലഭിച്ചു. കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുകയാണ്. കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘത്തിന്റെ താവളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button