പയ്യന്നൂര്‍: താക്കോലേല്‍പ്പിച്ച് ടൂറിനുപോയ അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടില്‍ മാതമംഗലത്തെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയഴിച്ച് പോലീസ്.
വെള്ളരിയാനം കരിപ്പാപൊയിലിലെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആണ്‍ സുഹൃത്താണ് കൊല നടത്തിയതെന്നതിന്റെ തെളിവുകളാണ് പയ്യന്നൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് പയ്യന്നൂര്‍ അന്നൂര്‍ കൊരവയലുള്ള വീട്ടിലെ അടുക്കള ഭാഗത്ത് മാതമംഗലം കോയിപ്രയിലെ ടി.വി. ബിജുവിന്റെ ഭാര്യ അനില( 33 )യുടെ മൃതദേഹം കണ്ടെത്തിയത്. അനിലയുടെ സുഹൃത്തായ മാതമംഗലം കുറ്റൂര്‍ വെള്ളരിയാനം ഇരൂളിലെ കുരിയംപ്ലാക്കല്‍ സുദര്‍ശനപ്രസാദ്( ഷിജു-34)നെ ഇയാള്‍ ടാപ്പിംഗ് നടത്തുന്ന റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
അന്നൂരിലെ വീട്ടുടമസ്ഥനും കുടുംബവും പരിചയക്കാരനായ സുദര്‍ശനപ്രസാദിനെ വീടിന്റെ താക്കോലേല്‍പ്പിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ വിനോദയാത്രക്കായി പോയത്. ഇതിനിടയില്‍ ഇയാള്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പോലീസിന്റെ നിഗമനം.
വീട്ടിലെത്തിയശേഷം അനിലയുടെ കഴുത്തില്‍ ഷാളിട്ടുമുറുക്കി കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മൂക്കില്‍നിന്നു കുമിളകള്‍ വരുന്ന നിലയിലും കണ്‍തടത്തിനു താഴെ ചോരയൊഴുകുന്ന നിലയിലും കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം ഷാളുകൊണ്ടു മറച്ചനിലയിലായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പേ അനില മരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൃത്യം നടത്തിയശേഷം ഇവിടംവിട്ട സുദര്‍ശനപ്രസാദ് ആത്മഹത്യ ചെയ്യാനായി പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടയില്‍നിന്നു കയര്‍ വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സുദര്‍ശനപ്രസാദും മാതമംഗലത്തെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലിചെയ്യുന്ന അനിലയും തമ്മില്‍ പഠനകാലത്തുള്ള അടുപ്പമാണ് പ്രണയമായി വളര്‍ന്നതെന്നും ഇത് ഇയാളുടെ ദാമ്പത്യത്തിലെ തകര്‍ച്ചകള്‍ക്കു കാരണമായതെന്നുമാണു പുറത്തുവരുന്ന വിവരം. ഇക്കാരണത്താല്‍ സുദര്‍ശനപ്രസാദിന്റെ ഭാര്യ നിഷയും രണ്ടു മക്കളും ഇയാളില്‍ നിന്നകന്ന് എറണാകുളത്തെ വീട്ടിലാണു താമസം.
ഇതിലുള്ള മാനസിക വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ഇയാളുടെ സഹോദരന്‍ പരിയാരം പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. ദാമ്പത്യം തകരാന്‍ കാരണമായ അനിലയോടുള്ള വെറുപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
Post Your Comments