Latest NewsKeralaIndia

കേന്ദ്രസർക്കാർ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളിലേക്ക് തിരുവനന്തപുരം റെയിൽവെസ്റ്റേഷനും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആധുനിക സംവിധാനങ്ങളോടെ റയിൽവെ സ്റ്റേഷൻ നവീകരിക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത് കെ-റെയിൽ – റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ) ആണ്. 439 കോടി രൂപയുടെ പദ്ധതി 42 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ.

വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളുമായാണ് തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷൻ നവീകരിക്കുന്നത്. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കും പ്രത്യേക ലോഞ്ചുകൾ ഉണ്ടാകും. ലിഫ്റ്റ്, എസ്കലേറ്ററുകൾ എന്നിവ നിർമിക്കും. ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്പ് നിശ്ചിതസമയത്ത് യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാം. അനാവശ്യ തിരക്കു കുറയ്ക്കാൻ ഈ നിയന്ത്രണങ്ങൾ സഹായകമാകും.

ട്രെയിൻ വിവരങ്ങൾ അറിയാൻ കൂടുതൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. അക്വാ ഗ്രീൻ നിറത്തിലാകും മേൽക്കൂര. ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ രൂപരേഖയിലുണ്ട്.

തലസ്ഥാന നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകൾ അതേപടി നിലനിർത്തിയാകും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. തെക്കുവടക്ക് ഭാഗങ്ങളിലായിരിക്കും പുതിയവയുടെ നിർമാണം. 400 കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സൗകര്യപ്രദമായ മൾട്ടിലെവൽ കാർ പാർക്കിങ് കൂടി ഉൾപ്പെടുത്തും.

വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണം ഏറ്റെടുത്തതും കേരള റെയിൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും(കെ-റെയിൽ)റെയിൽ വികാസ് നിഗം ലിമിറ്റഡു(ആർ.വി.എൻ.എൽ.)മാണ്. 27 റെയിൽവേ മേല്പാലങ്ങളുടെ നിർമാണവും ഇവർക്കാണ്.

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ വരുമാനമുള്ളത് തിരുവനന്തപുരത്തുനിന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 262 കോടി രൂപയാണ് നേടിയത്. എറണാകുളം ജങ്‌ഷനും(227 കോടി രൂപ) കോഴിക്കോടുമാണ്‌(178 കോടി രൂപ) രണ്ടും മൂന്നും സ്ഥാനത്ത്‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button