മലപ്പുറം: മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘ പ്രവര്‍ത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമര്‍ശമാണെന്നും മലപ്പുറം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പ്രതികരിച്ചു.
‘തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലര്‍ പ്രകടിപ്പിക്കുന്ന ഒരു വൈഷമ്യം ഉണ്ട്. മന്ത്രിക്കും അതുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിക്കും. സിഐടിയുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകും’, ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു )ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ എവിടെയും ഇന്ന് ടെസ്റ്റുകള്‍ നടന്നിട്ടില്ല. എല്ലായിടത്തും ഡ്രൈവിങ് ടെസ്റ്റിനെതിരെ സിഐടിയു പ്രതിഷേധം നടത്തുകയാണ്. ഇതിനിടെയാണ് ഡ്രൈവിങ് സ്‌കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍ ആരോപണമുയര്‍ത്തിയത്.
‘മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസില്‍ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു’,മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
Post Your Comments