തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴയില്‍ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
2024 ഏപ്രില്‍ 30 മുതല്‍ മെയ് 04 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസറഗോഡ്, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 30 മുതല്‍ മെയ് 04 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Post Your Comments