കണ്ണൂർ: കള്ളവോട്ട് തടയാൻ പുത്തൻ സജ്ജീകരണങ്ങളുമായി കണ്ണൂർ. പോളിങ് ബൂത്തുകളിലും പുറത്തുമായി മൂവായിരത്തോളം ക്യാമറകൾ സ്ഥാപിച്ചും കലക്ടറേറ്റ് ഓഡിറ്റോറിയം കൺട്രോൾ റൂമാക്കി മാറ്റിയും പഴുതടച്ച സജ്ജീകരണങ്ങളാണ് കണ്ണൂരിൽ ഇത്തവണ വോട്ടർമാരെ കാത്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിപുലമായ വെബ് കാസ്റ്റിങ് സംവിധാനം ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും ഇതിനോടകം സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.
1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കിയത്. ഇവ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും. ഇതിനായി 43 ഇഞ്ച് വലിപ്പമുള്ള നൂറോളം സ്ക്രീനുകളും ലാപ്ടോപ്പുകളും സജ്ജമാക്കി വിപുലമായ കൺട്രോൾ റൂമും ക്രമീകരിച്ചിട്ടുണ്ട്. വെബ്കാസ്റ്റിങ് തടസ്സപ്പെടുന്നില്ല എന്നുറപ്പാക്കാൻ 115 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കൺട്രോൾ റൂമിൽ ഉണ്ടാകും. 16 ബൂത്തുകളിലെ ദൃശ്യങ്ങളാണ് ഒരാൾ നിരീക്ഷിക്കുക. 90 മോണിറ്ററിങ് ഉദ്യോഗസ്ഥരും 15 സൂപ്പർവൈസർമാരും സാങ്കേതിക സഹായത്തിനായി 15 പേരടങ്ങിയ ടെക്‌നിക്കൽ സംഘവുമാണ് കൺട്രോൾ റൂമിലുള്ളത്.കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കൂടാതെ കല്യാശ്ശേരി, പയ്യന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കാം.
ഇന്റർനെറ്റ് സഹായത്തോടെ ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്ന ഫോർ ജി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പകർത്തുന്ന ദൃശ്യങ്ങൾ സെർവറിൽ റെക്കോർഡ് ചെയ്യപ്പെടും. ഓഫാക്കാൻ ആകാത്ത വിധം സീൽ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും ദ്യശ്യങ്ങൾ സുരക്ഷിതമായിരിക്കും. ക്യാമറ നിലച്ചാൽ ഉടൻ പരിഹരിക്കും. ഇതിനു പുറമേ 33 വീതം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഫ്ലയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നുണ്ട്.
കള്ളവോട്ട്, ക്രമസമാധാന പ്രശ്‌നം, പോളിങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും പ്രവർത്തനം, ബാഹ്യ ഇടപെടൽ, അനുവദനീയമല്ലാതെ ബൂത്തുകളിലേക്ക് ആളുകൾ പ്രവേശിക്കുന്നത്, അനാവശ്യ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി ബൂത്തിലെ മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കും. പ്രശ്‌ന സാധ്യതാ ബൂത്തുകളിൽ അകത്തും പുറത്തും ക്യാമറകളുണ്ട്. അസാധാരണമായ കാര്യങ്ങൾ കണ്ടാൽ മോണിറ്ററിങ് ഉദ്യോഗസ്ഥർ സൂപ്പർവൈസറുടെ ശ്രദ്ധയിൽപ്പെടുത്തും. സൂപ്പർവൈസർ ബുത്തിലെ പ്രിസൈഡിങ് ഓഫിസറെ അറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
ഇത്തരം കാര്യങ്ങൾക്കായി മുതിർന്ന ഉദ്യോഗസ്ഥരും കൺട്രോൾ റൂമിലുണ്ടാകും. രാവിലെ മോക്‌പോൾ ആരംഭിക്കുന്ന സമയം മുതൽ വോട്ടിങ് അവസാനിക്കുന്നതുവരെ ഇവർ സമാന രീതിയിലാണ് പ്രവർത്തിക്കുക. തിരുവനന്തപുരത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലും ദൃശ്യങ്ങൾ നിരീക്ഷിക്കും. കൺട്രോൾ റൂം ഇന്നലെ വൈകിട്ട് ജില്ലാ വരണാധികാരികൂടിയായ കലക്ടർ അരുൺ കെ.വിജയൻ പരിശോധിച്ചു. വെബ്കാസ്റ്റിങ് നോഡൽ ഓഫിസർ ടോമി തോമസ്, ജില്ലാ ഇൻഫർമാറ്റിക് ഓഫിസർ കെ.രാജൻ, ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ മിഥുൻ കൃഷ്ണ എന്നിവരും ഒപ്പമുണ്ടായികുന്നു. കണ്‍ട്രോള്‍ റൂമിലെ ഫോണ്‍: 0497 2764645, 2763745.
2014ൽ ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കണ്ണൂരിലാണ് രാജ്യത്ത് ആദ്യമായി വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയത്. പ്രശ്നബാധിതമായ 173 പോളിങ് ബൂത്തുകളിലായിരുന്നു അന്ന് വെബ്ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയത്. തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ മാർഗങ്ങളിലൂടെ സുതാര്യത ഉറപ്പാക്കാൻ ചെയ്ത കാര്യങ്ങൾ കണക്കിലെടുത്ത്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ മികച്ച കലക്ടർക്കുള്ള പുരസ്കാരം അന്നത്തെ കണ്ണൂർ കലക്ടർ പി.ബാലകിരണിനു സമ്മാനിക്കുകയും ചെയ്തു. 2015ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വെബ്കാസ്റ്റിങ് സംവിധാനം മുഴുവൻ ബൂത്തുകളിലേക്കും വ്യാപിപ്പിക്കാനും ബാലകിരണിനു കഴിഞ്ഞു.
വെബ് ക്യാമറകൾ തലതിരിച്ചുവച്ചും മറ്റും ക്യാമറയിലെ റെക്കോർഡിങ് തടസ്സപ്പെടുത്താൻ അക്കാലത്ത് ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇടപെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ പിന്നീട് കൺട്രോൾ റൂം സംവിധാനമൊരുക്കി ഇത് നിരീക്ഷിക്കാൻ തുടങ്ങി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അന്ന് കലക്ടറായിരുന്ന മിർ മുഹമ്മദ് അലിയാണ് ഈ പരിഷ്കാരം നടപ്പാക്കിയത്. അക്ഷയ കേന്ദ്രത്തിലെയും മറ്റും ജീവനക്കാരെ ബൂത്തുകളിൽ നിയോഗിച്ച് ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാനും കഴിഞ്ഞു.
Post Your Comments