KeralaLatest NewsIndia

ജോഷിയുടെ വീട്ടിലെ മോഷണം സിനിമയെ വെല്ലുന്നത്: ഇർഷാദ് അറിയപ്പെടുന്നത് ‘റോബിൻ ഹുഡ്’ എന്ന പേരിൽ , 10 സംസ്ഥാനങ്ങളിൽ കേസ്

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ ചിത്രം റോബിൻ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിൻ ഹുഡ്ഡെന്നാണ്. പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയിൽ നിന്ന് ഒറ്റയ്ക്ക് കാറോടിച്ചാണ് പ്രതി മുഹമ്മദ് ഇര്‍ഷാദ്, ജോഷിയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ വജ്രാഭരണങ്ങളാണ് റോബിൻ ഹുഡ് സംവിധായകന്റെ വീട്ടിൽ നിന്ന് ഈ റോബിൻ ഹുഡ് മോഷ്ടിച്ചത്. അതിവിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളെ പിന്തുടർന്ന് ഈ അന്തർ സംസ്ഥാന മോഷ്ടാവിനെ കേരളാ പൊലീസ് പിടികൂടുകയായിരുന്നു.പത്തിലധികം സംസ്ഥാനങ്ങളിൽ വിവിധ കേസുകളിൽ പ്രതിയാണ് ബിഹാർ സ്വദേശിയായ ഇർഷാദ്.

മോഷണം നടത്തി മുംബൈയിലേക്ക് മടങ്ങാനായിരുന്നു പ്രതി മുഹമ്മദ് ഇര്‍ഷാദിന്റെ ശ്രമം. മോഷണശേഷം പ്രതി അതിര്‍ത്തി കടന്നുവെന്ന് മനസിലാക്കിയതോടെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയായിരുന്നു മുഹമ്മദ് ഇര്‍ഷാദിന്റെ അറസ്റ്റ്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലെ വന്‍ കവര്‍ച്ച നടന്നത്. വീടിന്റെ മുകള്‍ നിലയിലെ അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. പ്രതി ഇര്‍ഷാദ് മുന്‍പും കേരളത്തില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കവടിയാറിലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലും ഇര്‍ഷാദ് പ്രതിയാണ്. നേരത്തെ ഇര്‍ഷാദ് ഗോവയില്‍ നിന്ന് അറസ്റ്റിലായിരുന്നുവെങ്കിലും ഗോവന്‍ പൊലീസ് പ്രതിയെ കൈമാറിയിരുന്നില്ല. ഗോവയിലെ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കൊച്ചിയിലെ വന്‍ കവര്‍ച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button