കോഴിക്കോട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വടകര താഴെ അങ്ങാടി ഫാസിലി(39)നെ കൈനാട്ടി മേല്‍പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. ഏറാമല ആദിയൂര്‍ സ്വദേശി എടോത്ത് മീത്തല്‍ വിജീഷി(33)നെയാണ് വടകര ഡിവൈഎസ്പി പികെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരിമാഫിയാ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സൂചനയുണ്ട്.
കഴിഞ്ഞ സെപ്തംബര്‍ 13നാണ് ഫാസിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ചോര പുരണ്ട നിലയില്‍ ഒരു സ്‌കൂട്ടറുമുണ്ടായിരുന്നു. അമിതമായി മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിനിടയാക്കിയതെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് പേര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുന്നുമ്മക്കര നെല്ലാച്ചേരിയില്‍ രണ്ട് യുവാക്കള്‍ സമാന രീതിയില്‍ മരിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് വിജീഷിന്റെ അറസ്റ്റിലേക്കുള്ള വഴിതെളിച്ചത്.
ചോദ്യം ചെയ്യലില്‍ തന്റെ വീട്ടില്‍വെച്ചാണ് ഫാസിലിന് മയക്കുമരുന്ന് കുത്തിവെച്ചതെന്ന് വിജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ ഫാസിലിനെ വിജീഷും മറ്റ് രണ്ടുപേരും ചേര്‍ന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് പകരം കൈനാട്ടി മേല്‍പാലത്തിന് താഴെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം മരിച്ച രണ്ട് യുവാക്കളുടെ കൂടെയുണ്ടായിരുന്നയാളെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് കരുതുന്നു. ഇയാള്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.
Post Your Comments