തിരുവനന്തപുരം: സിപിഎം നേതാക്കളുമായി ബന്ധമുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ എങ്ങനെ ഇടപെടാനാകുമെന്ന് താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
‘ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കേണ്ടതുണ്ട്’സ പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
‘മുന്നൂറോളം സഹകരണ ബാങ്കുകള്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നു. ബാങ്കുകള്‍ ഭരിക്കുന്നവര്‍ ഈ പണം ഉപയോഗിച്ച് വസ്തുവകകള്‍ വാങ്ങിക്കൂട്ടി. അഴിമതി തുടച്ച് നീക്കണമെങ്കില്‍ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. പ്രധാനമന്ത്രിക്കാണെങ്കില്‍ പോലും ഇഡിയെ തടസ്സപ്പെടുത്താന്‍ അധികാരമില്ല. ഇഡി കേസുകളില്‍ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ 3 ശതമാനം മാത്രമാണ്. യുപിഎ കാലത്തേക്കാള്‍ കാര്യക്ഷമമായി ഇഡി പ്രവര്‍ത്തിക്കുന്നുണ്ട്’, മോദി പറഞ്ഞു.
‘സാധാരണ മനുഷ്യര്‍ക്ക് നേരെയുള്ള കുറ്റകൃത്യമായത് കൊണ്ടാണ് ഈ വിഷയം ഞാന്‍ ഉയര്‍ത്തിയത് പലവിധ ആവശ്യങ്ങള്‍ക്കായി പാവങ്ങള്‍ ബാങ്കില്‍ സൂക്ഷിച്ച പണമാണത്. കര്‍ഷകരും തൊഴിലാളികളുമെല്ലാം കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണത്. മുന്നൂറോളം സഹകരണ ബാങ്കുകള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരു ബാങ്കുമായി ബന്ധപ്പെട്ട 90 കോടി രൂപയുടെ സമ്പാദ്യം ഇഡി പിടിച്ചെടുത്തു. ഈ പണം ബാങ്കിലെ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനാണ് ശ്രമം. ഇതിനായി എന്തുചെയ്യാമെന്ന് നിയമോപദേശം തേടി. പണം തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ രാജ്യത്താകമാനം ഞങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ട്. എനിക്കിത് തെരഞ്ഞെടുപ്പ് വിഷയമല്ല, സധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നമാണിത്’, പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments