KeralaLatest NewsNews

സംസ്ഥാനത്ത് എച്ച്5 എന്‍1 സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി (ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ -എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശംനല്‍കി. രോഗബാധിതപ്രദേശങ്ങളിലുള്ളവരിലെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും.

Read Also: കൊച്ചിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി: പ്രതി പിടിയില്‍

മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ പ്രത്യേക പനിസര്‍വേ നടത്തും. പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പുവരുത്താനും ഉന്നതതല യോഗം തീരുമാനിച്ചു.

പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റീന്‍ പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍വരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷികള്‍ ചത്തുകിടക്കുന്നതുകണ്ടാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം.

ഏതെങ്കിലും സാഹചര്യത്തില്‍ മനുഷ്യരില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നെങ്കില്‍ ഐസൊലേഷന്‍ സെന്ററായി ആലപ്പുഴ ജനറല്‍ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഗുരുതരരോഗമുണ്ടായാല്‍ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കും. ബോധവത്കരണം ഉറപ്പുവരുത്തും.

പക്ഷികളുമായി ഇടപെട്ടവര്‍ക്കോ, പക്ഷിനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കോ, കര്‍ഷകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലന്‍സ് സൗകര്യം ഉപയോഗിക്കും. അടിയന്തര സഹായങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി (ഫോണ്‍: 04772251650) ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button