വെണ്‍മണി: സ്വന്തം മകൾ അപകടത്തിൽപ്പെടുമ്പോൾ അതറിയാതെ 200 മീറ്റര്‍ മാറി ജോലി ചെയ്യുകയായിരുന്നു പിതാവ് സജിമോൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വെണ്‍മണി ചെറിയാലുംമൂട്ടിലാണ് സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വെണ്‍മണി പഞ്ചായത്ത് 12-ാം വാര്‍ഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജി (15) മരിച്ചത്.
സ്വന്തം മകളെന്നറിയാതെ അങ്ങോട്ട് ഓടിയെത്തി രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിക്കാനും അയാൾ മുൻപന്തിയിലുണ്ടായിരുന്നു. ബന്ധു ഓടിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് അവിടെ ഓടിയെത്തിയെങ്കിലും കഴുത്തിനും മുഖത്തുമേറ്റ പരിക്കുമൂലം രക്തം വാര്‍ന്നൊഴുകിയിരുന്നതിനാല്‍ മകളാണെന്ന് ആദ്യം മനസ്സിലായില്ല.
മറ്റുള്ളവര്‍ക്കൊപ്പം ഓട്ടോയില്‍ കയറ്റാനും സഹായിച്ചു. തുടര്‍ന്ന് അവിടെനിന്ന് മടങ്ങിയ സജിയെ, സിംനയെ ആശുപത്രിയില്‍ എത്തിച്ചവരാണ് അപകടത്തില്‍പ്പെട്ടത് മകളാണെന്ന് അറിയിച്ചത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിംന മരിച്ചിരുന്നു.
വെണ്‍മണി ലോഹ്യ മെമ്മോറിയല്‍ എച്ച്.എസില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപകടത്തില്‍ ബന്ധുവിന് കാര്യമായ പരിക്കില്ല. അമ്മ: ഷൈനി (കുവൈത്തിലാണ്). സഹോദരങ്ങള്‍: സോനാ സജി, സ്‌നേഹാ സജി.
Post Your Comments