തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയെത്തും. ആറ് ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും മഴ ലഭിക്കും. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന സൂചന.
അതേസമയം, സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതൽ ചൂട് പാലക്കാട് രേഖപ്പെടുത്തി. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് ആണ് ഇന്നലെ പാലക്കാട് ( 40.6 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. തുടർച്ചയായി അഞ്ചാം ദിവസമാണ് പാലക്കാട് 40ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുന്നത്.
അതെ സമയത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും ഇന്ന് സാധ്യത കാണുന്നുണ്ട്. തീര പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ജാഗ്രതാ നിർദ്ദേശം ഇങ്ങനെ,
1 .കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Post Your Comments