ഇസ്ലാമിക പുണ്യമാസമായ നോമ്പിന്റെ അവസാനദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. മുസ്ലീം മതവിശ്വാസികളാണ് ഇത് ആഘോഷിക്കുന്നത്. ചന്ദ്രന്‍ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൂടാതെ ഈദ് അല്‍-ഫിത്തറും ഷവ്വാല്‍ മാസത്തിന്റെ ആദ്യ ദിനമായി അടയാളപ്പെടുത്തുന്നതിനാല്‍, വിവിധ ദിവസങ്ങളില്‍ ആണ് ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. കേരളത്തില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ വരുന്നത് ഏപ്രില്‍ 10 ബുധനാഴ്ചയാണ്.
എന്താണ് ഈദ് അല്‍ ഫിത്തര്‍ ആഘോഷത്തിന്റെ പിന്നിലെ ചരിത്രം എന്ന് നമുക്ക് നോക്കാം. വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വെളിപ്പെടുത്തല്‍ ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ സന്ധ്യ വരെയുള്ള ഉപവാസത്തിന്റെ അവസാനവും ഷവ്വാല്‍ മാസത്തിന്റെ തുടക്കവും ആണ് ഈദ് അല്‍ ഫിത്തറിലൂടെ അടയാളപ്പെടുത്തുന്നത്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉപവാസ ചടങ്ങുകളില്‍ ശക്തിയും സഹിഷ്ണുതയും നല്‍കിയതിന് അല്ലാഹുവിനെ ബഹുമാനിക്കുന്നതിനായി ഈദ് അല്‍ ഫിത്തര്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നു.
ഈദ് ദിനത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. വിശ്വാസികള്‍ പുതിയ വസ്ത്രം ധരിച്ച് ”ഈദ് മുബാറക്” എന്ന് പറഞ്ഞ് ആശംസകള്‍ കൈമാറുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. സക്കാത്ത് നല്‍കുകയും പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുകയും ചെയ്യുന്നുണ്ട് ഈ പുണ്യ ദിനത്തില്‍. ഇതോടൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണം തയ്യാറാക്കി കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഒപ്പം സന്തോഷത്തോടെ കഴിക്കുന്നു.
ഇസ്ലാമിന്റെ അഞ്ച് തൂണുകളിലൊന്നായ സകാത്ത് അല്ലെങ്കില്‍ ദരിദ്രര്‍ക്ക് ദാനധര്‍മ്മം നല്‍കുന്നത് തന്നെയാണ് ചടങ്ങില്‍ പ്രധാനപ്പെട്ടത്.
Post Your Comments