തിരുവനന്തപുരം: വിഴിഞ്ഞത്ത് പന്നി ഇറച്ചി വാങ്ങിയ ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചവരെ തടഞ്ഞ പന്നി ഫാം ഉടമയ്ക്ക് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. ഫാം ഉടമ ജ്ഞാനശീലന് ആക്രമണത്തിൽ പരിക്കേറ്റു. പന്നി ഇറച്ചി വാങ്ങി പണം നൽകാതെ കടക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു അതിക്രമം. ദേഹമാസകലം പരിക്കേറ്റ ജ്ഞാനശീലൻ വിഴിഞ്ഞത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഒരാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയോടെ വിഴിഞ്ഞം പയറ്റുവിളയിലായിരുന്നു സംഭവം.പന്നികളെ ഇറച്ചിയാക്കി ആവശ്യപ്പെട്ടെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പന്നികളെ കയറ്റി ഭാരം അളക്കുന്നതിനിടെ ഇവർ വാഹനവുമായി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ജ്ഞാനശീലനെ വാഹനത്തിൽ നിന്ന് തള്ളിയിടാനും പോസ്റ്റിൽ അടിച്ചു വീഴ്ത്താനും ശ്രമം നടത്തി.
അരക്കിലോമീറ്ററോളം ആണ് ജ്ഞാനശീലനെ റോഡിലൂടെ വലിച്ചിഴച്ചത്. ഇതിനിടെ ഇയാളുടെ സ്വർണ്ണമാലയും മൊബൈൽഫോണും അക്രമിസംഘം കവർന്നു. ആക്രമണം നടത്തിയവരിൽ രണ്ടാമനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Post Your Comments