കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. പിണറായിയിൽ അടക്കം പരിശോധന നടക്കുമെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളിൽ ബോംബ് നിർമ്മാണം വ്യാപകമായി ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു.
പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്. പരിശോധനയ്‌ക്കൊപ്പം, പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചിലും പോലീസ് ഊർജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
കേസില്‍ അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുമായി ഇന്ന് സ്ഫോടനം നടന്നയിടത്ത് പൊലീസ് തെളിവെടുപ്പ് നടത്തും. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുൺ, ഷിബിൻ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്‍റവിട ഷെറിൻ (31) ആണ് മരിച്ചത്. വിനീഷിന് ഗുരതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇവർ രണ്ട് പേരും സി.പി.എം അനുഭാവികളാണ്.
Post Your Comments