KeralaLatest NewsIndia

ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിക്കുന്ന സംഘം പിടിയിൽ, മോഷണം ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ

തിരുവില്വാമല: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിക്കുന്ന സംഘം പിടിയിലായി. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. പഴയന്നൂർ പോലീസ് അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഘം പിടിയിലായത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പലപ്പോഴായി ഇത്തരത്തിൽ ശ്മശാനത്തിൽനിന്ന് പലരുടെയും ചിതാഭസ്മം കാണാതായതോടെ മുൻപും പഴയന്നൂർ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് രാത്രിയിൽ പോലീസ് പട്രോളിങ് നടത്താറുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവർത്തനത്തിൽ നാട്ടുകാർക്കോ ഇവിടെയുള്ള തൊഴിലാളികൾക്കോ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കേരളത്തിൽതന്നെ കൂടുതൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ശ്മശാനത്തിലൊന്നാണ് പാമ്പാടി ഭാരതപ്പുഴയോരത്തെ ഐവർമഠം. ശ്മശാനത്തിന്റെ നാലുവശത്തും ചുറ്റുമതിൽ കെട്ടി ഉയർത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

shortlink

Post Your Comments


Back to top button