കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്‍ എന്ന യുവാവിനൊപ്പമുള്ള കെ.കെ ശൈലജയുടെ ഫോട്ടോയെ ചൊല്ലി വിവാദം മുറുകുന്നു. കേസിലെ പ്രതികള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. എന്നാല്‍, എന്റെ കൂടെ പലരും ഫോട്ടോയെടുക്കാറുണ്ടെന്നും ഇവരുടെയൊന്നും പശ്ചാത്തലം നോക്കാറില്ലെന്നും ശൈലജ വിശദീകരിച്ചു.
സ്ഫോടനവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. എല്ലാ പാര്‍ട്ടിയിലും ശരിയല്ലാത്ത പ്രവണതയുള്ളവരുണ്ടാകും. സ്ഫോടനത്തിലെ പ്രതികളെല്ലാം മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ലഭിക്കുന്ന സൂചന. പാര്‍ട്ടി ഇത്തരം സംഭവങ്ങളൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ശൈലജ പ്രതികരിച്ചു.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.
എന്നാല്‍, കെ കെ ശൈലജയുടെ പരാജയം ഉറപ്പായപ്പോഴാണ് സിപിഎം ബോംബ് നിര്‍മാണത്തിലേക്ക് തിരിഞ്ഞതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ ആരോപിച്ചു. ഷാഫി പറമ്പലിന്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. വടകരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഐഎം കോപ്പ് കൂട്ടുന്നതായി സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments